'കളകള്‍ ഉണ്ടെങ്കില്‍ പറിച്ച് കളയും'; പികെ ശശി വിഷയത്തില്‍ എംവി ഗോവിന്ദന്‍
പികെ ശശിക്കെതിരായ തെളിവുകള്‍ പുത്തലത്ത് ദിനേഷന്‍ സമാഹരിച്ചിട്ടുണ്ട്. ഇത് സിപിഎം സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്

മലപ്പുറം: സി പി എമ്മില്‍ തെറ്റായ പ്രവണതകള്‍ അംഗീകരിക്കില്ല എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍ എം എല്‍ എ പി കെ ശശിക്ക് എതിരായ ഫണ്ട് തിരിമറിയെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.
പാര്‍ട്ടിക്കകത്ത് തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി എന്തെല്ലാം തെറ്റായ പ്രവണതയുണ്ടോ അതിനെയെല്ലാം സി പി എം ഫലപ്രദമായി പരിഹരിച്ച് മുന്നോട്ടുപോകും എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കളകള്‍ ഉണ്ടെങ്കില്‍ പറിച്ച് കളയും എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.
എന്നാല്‍ കളയെന്ന് ഉദേശിച്ചത് പി കെ ശശിയെ ആണോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല. നേരത്തെ സഹകരണ സ്ഥാപന നടത്തിപ്പിലും പാര്‍ട്ടി പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിലും പി കെ ശശി തിരിമറി നടത്തിയതായുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നു.

ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനും ജില്ലാ സമ്മേളനം നടത്തിയ വകയിലും ഉള്ള പത്ത് ലക്ഷം രൂപ വീതം പി കെ ശശിയുടെ അക്കൗണ്ടിലേക്ക് പോയി എന്നത് സംബന്ധിച്ച രേഖകള്‍ ആണ് പുറത്ത് വന്നത്. യൂണിവേഴ്സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ സഹോദരിയുടെ മേല്‍വിലാസത്തില്‍ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയ രേഖകളും പുറത്തായിട്ടുണ്ട്.
അതേസമയം പാര്‍ട്ടിയുടെ അനുവാദമില്ലാതെ പി കെ ശശി മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസൈറ്റികളില്‍ 35 നിയമനങ്ങള്‍ നടത്തിയതിന്റെ രേഖകളും പുറത്ത് വന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്‍ ആണ് പി കെ ശശിക്ക് എതിരായ പരാതി അന്വേഷിച്ചത്.
നേരിട്ടെത്തിയാണ് പുത്തലത്ത് ദിനേശന്‍ പി കെ ശശിക്ക് എതിരായ തെളിവുകള്‍ ശേഖരിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുമുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണങ്ങള്‍ മാത്രമാണിത് എന്നാണ് പി കെ ശശി പറയുന്നത്. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തും.


Click it and Unblock the Notifications