നിങ്ങളുടെ സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോ: പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീം കോടതി വിമര്‍ശനം
ദില്ലി: പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ അനുവദിക്കുന്ന കേരള സര്‍ക്കാരിന്റെ നയത്തെ സുപ്രീം കോടതി തിങ്കളാഴ്ച വാക്കാല്‍ വിമര്‍ശിച്ചു. 2 വര്‍ഷത്തേക്ക് മാത്രം വ്യക്തികളെ മന്ത്രി നിയമിക്കുകയും അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ നല്‍കുകയും ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. പൊതുമേഖല എണ്ണകമ്പനികള്‍ അധിക ഇന്ധനവില ഈടാക്കുന്നുവെന്നും വില നിശ്ചയിക്കാന്‍ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്നുമാവശ്യപ്പട്ട് കെ എസ് ആര്‍ ടി സി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം.
രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം വേറൊരിടത്തുമില്ല. നിങ്ങളുടെ സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് കെ എസ് ആര്‍ ടി സിക്ക് ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു.
Recommended Video


സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമത്തിന് കീഴില്‍ ഉദ്ദേശിച്ചിട്ടുള്ള ഉപഭോക്തൃ താല്‍പ്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വന്‍ തുകയാണ്. നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിച്ചിരുന്നില്ല. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ മുഴുവന്‍ പെന്‍ഷനും കിട്ടും. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെന്‍ഷന്‍ കിട്ടും എന്നതിനാല്‍ യുഡിഎഫും ഇതില്‍ മൗനം പാലിക്കുകയാണ്.
നിലവില്‍ സംസ്ഥാനത്ത് 1223 പേര്‍ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് മിനിമം പെന്‍ഷന്‍ 3550 രൂപയാണ്. കൂടാതെ സര്‍വീസും തസ്തികയും അനുസരിച്ച് പെന്‍ഷന്‍ കൂടും. 30 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള സ്റ്റാഫുകള്‍ ഉണ്ടെന്നാണ് കണക്ക്.












Click it and Unblock the Notifications