സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് യുവാവിന്റെ കാലുകള്‍ തല്ലിയൊടിച്ചു
കണ്ണൂര്‍: പാര്‍ട്ടി വിട്ട് പോയവരെ പിന്തുടര്‍ന്ന് ആക്രമിക്കുന്നവര്‍ എന്നൊരു ചീത്തപ്പേര് പണ്ട് മുതലേ സിപിഎമ്മിനുള്ളതാണ്. ഇപ്പോഴിതാ ബിജെപിയില്‍ ചേര്‍ന്ന യുവാവിനെ ക്രൂരമായി ആക്രമിച്ചിരിക്കുന്നു.
പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണൂരിലാണ് സംഭവം. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന പ്രകാശന്‍ എന്ന യുവാവിന്റെ രണ്ട് കാലുകളും തല്ലിയൊടിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് അരീക്കരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ് പ്രകാശന്‍.

മൂന്ന് മാസം മുമ്പായിരുന്നു ഇയാള്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഡിസംബര്‍ 11 വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ക്ക് മുന്നില്‍ വച്ചായിരുന്നു ഒരു സംഘം ആളുകള്‍ പ്രകാശനെ ക്രൂരമായി ആക്രമിച്ചത്.
പ്രകാശന്റെ കാല്‍മുട്ടുകള്‍ രണ്ടും ഇരുമ്പ് ദണ്ഡും കമ്പിപ്പാരയും കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സിപിഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. അക്രമി സംഘത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ പാര്‍ട്ടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
സിപിഎം വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം പല തവണ ഉണ്ടായിരുന്നു. ഒടുവില്‍ ടിപി വധിക്കപ്പെട്ടപ്പോള്‍ അതിന് പിന്നിലുണ്ടായിരുന്നവര്‍ക്കും സിപിഎം ബന്ധം ഉണ്ടായിരുന്നു.












Click it and Unblock the Notifications