എസ്എഫ്‌ഐയ്ക്കും ഇടിമുറി? യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടികളെയും യുവാവിനെയും മര്‍ദ്ദിച്ചു...
കോളേജിലെ ഇടിമുറിയില്‍ വെച്ചും യുവാവിനെ മര്‍ദ്ദിച്ചു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെയും യുവാവിനെയും മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്കും യുവാവിനും പരിക്കേറ്റു. ജിജേഷ് എന്ന യുവാവിനും യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ അഷ്മിത എന്ന ജാനകി, സൂര്യഗായത്രി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജില്‍ നടക്കുന്ന നാടകം കാണാനാണ് പെണ്‍കുട്ടികളുടെ സുഹൃത്തായ ജിജേഷ് യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്. നാടകം കാണാനായി പുറത്തുനിന്നും ഒട്ടേറെ പേര്‍ കോളേജിലെത്തിയിരുന്നു. ഇതിനിടെയാണ് സദാചാര പോലീസ് ചമഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിച്ചത്. ജിജേഷിനെ അതിക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. കോളേജിലെ എസ്എഫ്‌ഐയുടെ ഇടിമുറിയില്‍ കൊണ്ടുപോയും യുവാവിനെ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.

എസ്എഫ്‌ഐ ആധിപത്യമുള്ള കോളേജില്‍ ഇടിമുറിയുണ്ടെന്ന ആരോപണം ഇതിന് മുന്‍പും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് സദാചാരത്തിന്റെ പേരില്‍ പെണ്‍കുട്ടികളെയും യുവാവിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നിരിക്കുന്നത്. കോളേജിലെ ഇടിമുറിയില്‍ വെച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്.

പെണ്‍കുട്ടികളോട് ഒപ്പമിരുന്നാണ് ജിജേഷ് നാടകം കാണാനിരുന്നത്. ഇതിനിടയിലാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെയും യുവാവിനെയും ചോദ്യം ചെയ്യാന്‍ വന്നത്. പിന്നീട് പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ എസ്എഫ്‌ഐക്കാര്‍ ജിജേഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. ശേഷം കോളേജിലെ എസ്എഫ്‌ഐയുടെ ഇടിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും, അവിടെ വെച്ചും മര്‍ദ്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications