ആം ആദ്മി ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം
കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ഓഫീസിന് നേരെ കല്ലെറിഞ്ഞു. ഓഫീസില്‍ കയറി കസേരകള്‍ തല്ലിത്തകര്‍ത്തു. ജനല്‍ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ഓഫീസില്‍ കരി ഓയില്‍ ഒഴിക്കുകയും ഓഫീസിലേക്ക് ചീമുട്ട എറിയുകയും ചെയ്തു.
ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് മലയാളി നഴ്‌സുമാര്‍ക്കെതിരെ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം. യൂത്ത് കോണ്‍ഗ്രസിന്റെ കൊടിയുമായാണ് അക്രമിസംഘം ഓഫീസ് അടിച്ചു തകര്‍ത്തതെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.

2008 ല്‍ റാഞ്ചിയില്‍ വച്ച് നടത്തിയ കവി സമ്മേളനത്തിടെയാണ് കുമാര്‍ ബിശ്വാസ് മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഴ്‌സസ് അസ്സോസിയേഷന്‍ ബിശ്വാസിനെതിരെ നിയമ നടപടി സ്വീകരിക്കാനിരിക്കുകയാണ്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത് ഇതൊന്നുമല്ല എന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുമാര്‍ ബിശ്വാസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പരിപാടിയേക്കാള്‍ ഏറെ കുമാര്‍ ബിശ്വാസിന്റെ പരിപാടികള്‍ക്ക് ജനങ്ങള്‍ തടിച്ചു കൂടുന്നതായാണ് റിപ്പോര്‍ട്ട്. അമേഠിയില്‍ ഇത്തവണ രാഹുലിന്റെ ജയം എളുപ്പമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരെ കുമാര്‍ ബിശ്വാസ് നടത്തുന്ന പ്രസംഗങ്ങളും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുമാര്‍ ബിശ്വാസിനെതിരെയുള്ള പ്രതിഷേധ മാര്‍ച്ചും ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ ആക്രമണവും നടന്നത്.












Click it and Unblock the Notifications