എന്തായാലും സീറ്റില്ല... യൂത്തന്മാർക്ക് ഇനി ദില്ലിക്ക് ടൂറ്‍ പോകാം... വീണ്ടും ഫേസ്ബുക്ക് പ്രതിഷേധം!
തിരുവനന്തപുരം: മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസിൽ. കോൺഗ്രസിലെ തന്നെ മുതിർന്നവർക്ക് രാജ്യസഭ സീറ്റ് കൊടുക്കുന്നതിനെ വിമർശിക്കുകയും, യുവാക്കൾക്ക് സീറ്റ് വേണമെന്ന് പറയുകയും ചെയ്ത കോൺഗ്രസിലെ യൂത്തന്മാരുടെ കണ്ണ് തള്ളിയ അവസ്ഥയാണ് ഇപ്പോൾ. കോൺഗ്രസിൽ നിന്നും സീറ്റ് നേരെ തെറിച്ചത് കേരള കോൺഗ്രസിലേക്ക്. വ്യക്തമായ കാരണങ്ങൾ പോലും പറയാതെ ഒരു സുപ്രഭാതത്തിൽ യുഡിഎഫ് വിട്ടവരാണ് കേരള കോൺഗ്രസ്. ഇതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചിരിക്കുകയാണ്.
അതേസമയം യുവപോരാളികൾക്ക് സിപിഎം നേതവും മന്ത്രിയുമായ എംഎം മണിയുടെ കിടിലം ട്രോളും വന്നു. രാജ്യസഭ സീറ്റൊന്നും ഇനി പ്രതീക്ഷിക്കണ്ട....
വേണേൽ ഒരു ദില്ലി ടൂർ ഒക്കെ പോയിട്ട് വാ........ "യുവ കോൺഗ്രസ് പോരാളികളെ " എന്നായിരുന്നു മണിയാശാന്റെ ട്രോൾ. ദില്ലിയിൽ സന്ദർശിക്കാൻ കഴിയുന്ന കുറച്ച് സ്ഥലങ്ങളുടെ ഫോട്ടോയും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുവ നേതാക്കൾ കത്തയച്ചു
രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതിൽ കോൺഗ്രസിലെ യുവ നേതാക്കൾക്ക് വൻ പ്രതിഷേധമാണുള്ളത്. ഷാഫി പറമ്പില്‍,ഹൈബി ഈഡന്‍,കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവർ ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.

ആത്മവിശ്വാസ കുറവ്
‘ഇതൊരു കീഴടങ്ങലാണ്.ആത്മവിശ്വാസക്കുറവ് പാര്‍ട്ടി നേതൃത്വത്തെ ബാധിച്ചിരിക്കുകയാണ്. മതിയായ ഒരു കാരണവുമില്ലാതെയാണ് കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത്. എന്നിട്ട് തിരിച്ച് വരുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ സീറ്റ് നല്‍കിയിട്ട് വേണോ തിരിച്ചാനയിക്കാന്‍...കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണി' എന്നായിരുന്നു ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രവർത്തകരെ വഞ്ചിച്ചു
കോൺഗ്രസിലെ സാധാരണ പ്രവർത്തകരെ വഞ്ചിച്ചെന്നാണ് വിടി ബൽറാം എംഎൽഎ പറഞ്ഞത്. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അനുമതി നല്‍കിത്. രണ്ട് വര്‍ഷമായി മുന്നണിയ്ക്കു പുറത്തിരുന്ന മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പിലാണ് രാജ്യസഭ സീറ്റ് നൽകിയത്.

പിന്നിൽ ഉമ്മൻചാണ്ടി
കേരള കോൺഗ്രസിന് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. കെ.പി.സി.സി സെക്രട്ടറി ജയന്ത് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ‘ആങ്ങള ചത്താലും പെങ്ങളുടെ കണ്ണീരുകണ്ടാല്‍ മതിയെന്നാണ് ചിലരുടെ ആഗ്രഹം എന്നാണ് പിജെ കുര്യൻ പറഞ്ഞത്. ഇതിന് പിന്നിൽ ഉമ്മൻചാണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അണികളെ നിരാശരാക്കി
നേരത്തെ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി വിഎം സുധീരനും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ' വര്‍ഷങ്ങളായി കോണ്‍ഗ്രസ് പതാക നെഞ്ചോട് ചേര്‍ത്ത അണികളെ നിരാശരാക്കുന്ന തീരുമാനമാണിത്. കേരളത്തില്‍ എല്ലായിടത്തും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.' എന്നും സുധീരൻ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി
പിജെ കുര്യന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ തുടക്കം കുറിച്ച രാഷ്ട്രീയ കലാപം അത്യന്തികമായി ഗുണം ചെയ്തത് കെഎം മാണിക്ക് തന്നെയാണ്. യുവാക്കള്‍ക്ക് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കലാപം ആരംഭിച്ചപ്പോള്‍ മാണി രഹസ്യമായി കരുനീക്കം നടത്തുകയായിരുന്നു. മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നതോടെ കോൺഗ്രസിന് പിടിച്ച് നിൽക്കാനായില്ല. കേരള കോൺഗ്രസിന് സീറ്റ് കൊടുത്തില്ലെങ്കിൽ മുന്നണി വിടുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷമി മുഴക്കിയെന്നും സൂചനയുണ്ട്.

പാർട്ടിയുടെ ആഭ്യന്തര കാര്യം
മുന്നണി രാഷ്ട്രീയത്തിലെ സമ്മർദ്ദങ്ങൾ മനസ്സിലാവാത്ത സങ്കുചിത ചിന്താഗതിക്കാരനല്ല..
രാജ്യസഭാ സീറ്റിലെ അഭിപ്രായം ഫേസ്ബുക്കിൽ കുറിച്ചതൊഴിവാക്കിയാൽ സാധരണയായി പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് പറയാറുമില്ല..
പക്ഷെ ഇപ്പോ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ ആശാവഹമല്ലാ..
രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നൽകണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണ്.
മുന്നണി രാഷ്ട്രീയത്തിൽ വിട്ടു വീഴ്ചകൾ അനിവാര്യമാണെന്നും അറിയാം പക്ഷെ ഒരാളെ മാത്രം രാജ്യസഭയിലയക്കാൻ അവസരം കിട്ടുമ്പോൾ സാധരണയായി ഘടകകക്ഷിയല്ലാ മത്സരിക്കാറുള്ളത്.. കോൺഗ്രസ്സ് തന്നെ മത്സരിക്കുന്നതാണ് കീഴ്‌വഴക്കം എന്നും ഷാപി പറമ്പിൽ പറയുന്നു.

ആശങ്ക
മാണി സാറിനെതിരേയും യുഡിഎഫിനെതിരേയും വന്ന ആരോപണ ശരങ്ങളെ നേരിടുന്ന കാര്യത്തിൽ പാർട്ടി താൽപര്യം പരിഗണിച്ച് നിന്നിട്ടുണ്ട്. അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന സി.പി.എം തിട്ടൂരത്തെ മറികടന്ന് മാണി സാർ തന്നെ ബഡ്ജറ്റ് അവതിരിപ്പിക്കാൻ ഉറക്കമൊഴിച്ച് പോരാടിയിട്ടുണ്ട്..സഭാ നടപടിക്രമങ്ങൾക്ക് വിരുദ്ധമായി ഉയർത്തിക്കാണിച്ച ലഡുവിനെ ചൊല്ലി ഒരുപാട് വിമർശ്ശിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും തോന്നത്ത ആശങ്ക ഇപ്പോ അനുഭവപ്പെടുന്നുവെന്ന് ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

മുന്നണി ശാക്തീകരണം
മുന്നണിയിൽ കേരളാ കോൺഗ്രസ്സ് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നയാള് തന്നെയാണ് ഞാനും. പ്രത്യേകിച്ച് പിണറായി ഇപ്പോ നടത്തി കൊണ്ടിരിക്കുന്ന നീക്കങ്ങൾ ശ്രദ്ധിക്കുമ്പോൾ.
വി.എസ്സിന്റേയും പിണറായിയുടേയും നിത്യ ശത്രു ബാലകൃഷ്ണ പിള്ളയേയും ഗണേഷിനെ പോലും കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ.. അകന്ന് ധ്രുവങ്ങളിൽ കഴിഞ്ഞിരുന്ന വീരേന്ദ്രകുമാറിന്റെ മുന്നിൽ പോലും പരവതാനി വിരിക്കുമ്പോ..5 രക്തസാക്ഷികളെ പോലും മറന്ന് എംവിആറിനേയും മകനേയും കൂട്ട് പിടിക്കുമ്പോൾ.. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ 5 വർഷം ആക്ഷേപിച്ച മാണി സാറിന്റെ പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ... ഗൗരിയമ്മയെ പോലും മടക്കി കൊണ്ട് പോവുമ്പോ.. മുന്നണി ശാക്തീകരണം ഒരു അനിവാര്യത തന്നെയാണ്.. പക്ഷെ അത് ഈ രാജ്യസഭാ സീറ്റിന്റെ പേരിലാവരുതായിരുന്നു.
നിരാശയുണ്ട് പക്ഷെ...
മുന്നണിയിൽ അവർ വന്നതിന് ശേഷം അർഹമായ പരിഗണന നൽകുന്നതിനാരും എതിരാവുമായിരുന്നില്ല.. വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നൽകിയതും പ്രേമചന്ദ്രന് ലോകസഭാ സീറ്റ് നൽകിയതുമൊക്കെ പാർട്ടി പ്രവർത്തകരും അംഗീകരിച്ചതായിരുന്നു. നിരാശയുണ്ട് പക്ഷെ...ഈ പതാക താഴെ വെക്കില്ലാ..പ്രവർത്തിക്കും പാർട്ടിക്ക് വേണ്ടി.. ഊർജ്ജത്തോടെ തന്നെ..
കോൺഗ്രസ്സ് ഈ രാജ്യത്തിന്റെ അനിവാര്യതയാണ്.
ഒരു ഉപതെരഞ്ഞെടുപ്പും രാജ്യസഭാ സീറ്റ് നിർണ്ണയം കൊണ്ടും നിർത്തി പോകാവുന്ന യുദ്ധമല്ല 2019ൽ നമ്മളേറ്റെടുക്കേണ്ടത് എന്ന് പറഞ്ഞു കൊണ്ടാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ആവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications