നിയമസഭാ തിരഞ്ഞെടുപ്പ്: കൊല്ലത്തെ അന്തിമ ചിത്രം തെളിഞ്ഞു, 79 സ്ഥാനാര്‍ത്ഥികള്‍
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. 11 നിയോജക മണ്ഡലങ്ങളിലായി 79 സ്ഥാനാര്‍ത്ഥികള്‍. അഞ്ചു പേര്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. ചവറ മണ്ഡലത്തില്‍ മനോഹരന്‍ പിള്ള, കരുനാഗപ്പള്ളിയില്‍ രാമചന്ദ്രന്‍, കുന്നത്തൂരില്‍ സുബാഷ്, ചടയമംഗലത്ത് മനു, പത്തനാപുരത്ത് സതീഷ് കുമാര്‍.
ആകെ 95 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 11 എണ്ണം സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. 65 പുരുഷന്മാരും 14 സ്ത്രീകളും ഉള്‍പ്പടുന്നതാണ് 79 സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന മണ്ഡലം കൊട്ടാരക്കര - 10 പേര്‍. മൂന്ന് പുരുഷ•ാരും രണ്ടു സ്ത്രീകളും ഉള്‍പ്പടെ അഞ്ചു പേര്‍ മത്സരിക്കുന്ന കൊല്ലത്താണ് സ്ഥാനാര്‍ഥികള്‍ ഏറ്റവും കുറവ്.

കരുനാഗപ്പള്ളി, കുന്നത്തൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ രണ്ടു വീതം സ്ത്രീകള്‍ മത്സരരംഗത്തുണ്ട്. പുനലൂര്‍, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ സ്ത്രീ സ്ഥാനാര്‍ഥികള്‍ ഇല്ല. പുരുഷ സ്ഥാനാര്‍ഥികള്‍ കൂടുതലുള്ളത് ഇരവിപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലാണ് - എട്ട് വീതം. കൊട്ടാരക്കര, പുനലൂര്‍, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവര്‍ക്ക് ചിഹ്നനങ്ങളും തയ്യാര്‍. ചുറ്റിക അരിവാള്‍ നക്ഷത്രം, കൈ, താമര, ധാന്യക്കതിരും അരിവാളും, ഏണി പിന്നെ മണ്‍വെട്ടി മണ്‍കോരി - പരമ്പരാഗത ചിഹ്നങ്ങളെല്ലാം പതിവ് പോലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് സ്വന്തം.
നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന വേറിട്ട ചിഹ്നങ്ങളുമായി മാറ്റുരയ്ക്കുന്നത് സ്വതന്ത്രര്‍. ഊന്ന് വടി മുതല്‍ ഓടക്കുഴല്‍ വരെ നീളുന്ന വൈവിധ്യം. കുടവും ഹെല്‍മറ്റും ആനയും ബാറ്ററി ടോര്‍ച്ചുമുണ്ട് ചിഹ്നങ്ങളായി. കത്രികയും ടെലഫോണും കൂട്ടത്തിലുണ്ട്. പൈനാപ്പിളും അമ്പും വില്ലും ഇടം പിടിച്ചപ്പോള്‍ കൂട്ടിനുണ്ട് ടെലിവിഷനും ബ്ലാക്ക് ബോര്‍ഡും ഓട്ടോറിക്ഷയും മെഴുകുതിരിയും. കമ്പ്യൂട്ടറും ട്രക്കും ഗ്യാസ് സിലിണ്ടറും വേറെ. ചിഹ്നം അടയാളപ്പെടുത്തിയുള്ള വോട്ടു തേടലാണ് ഇനിയുള്ള നാളുകള്‍.












Click it and Unblock the Notifications