കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അബിഗേലിനെ മയക്കാൻ മരുന്ന് നൽകി? സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്ന് സംശയം..
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നുവെന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മയക്കാൻ മരുന്നു നൽകിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസ പരിശോധനയ്ക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചുവെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിലെ ഒരു വീട്ടിലെ കുട്ടി നൽകിയ വിവരം അനുസരിച്ചാണ് രേഖാ ചിത്രം തയ്യാറാക്കിയത്. അബിഗേലിനെ കഴിഞ്ഞ ദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയ്യാറാക്കും.

പ്രതികൾ ജില്ല വിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല, തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടുപോയവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് അനുമാനിക്കുന്നത്. തട്ടിക്കൊണ്ടുപോയ സംഘം ആദ്യം പോയത് വർക്കല ഭാഗത്തേക്ക് ആണെന്ന് പോലീസ് കണ്ടെത്തി. വർക്കല, കാപ്പിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീ മൈതാനത്ത് ഉപേക്ഷിച്ചു പോയി എന്നാണ് ദൃക്സാക്ഷികൾ പോലീസിന് നൽകിയ മൊഴി.ഇവരെ കണ്ടെത്താനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ട്യൂഷൻ കഴിഞ്ഞ് പോകും വഴിയായിരുന്നു അബിഗേലിനെ വെള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ വന്നു.
പിന്നീട് കുട്ടിയെ വിട്ടുനൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് പറഞ്ഞു. രാത്രിയിലുടനീളം പോലീസും നാട്ടുകാരും വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചിരുന്നില്ല, പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംസാരിച്ച ആളുടെ രേഖ ചിത്രം തയ്യാറാക്കി പോലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications