കോടതിയില്‍ തെളിവുകള്‍ കൃത്യമായി നിരത്തി മോഹന്‍രാജ്, 80ാം ദിവസം പൊലീസിന്റെ കുറ്റപത്രം; അഭിമാന നിമിഷം
കൊല്ലം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, സെക്ഷന്‍ ( 304 ബി ) , സ്ത്രീധന പീഡനം ( 498 എ ) , ആത്മഹത്യാ പ്രേരണ എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി . കേസില്‍ ശിക്ഷാ വിധി നാളെയാണ് പ്രസ്താവിക്കുക .

കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പ്രോസിക്യൂഷന് അഭിമാന നിമിഷമാണ്. അന്വേഷണ സംഘം ശേഖരിച്ച സാക്ഷിമൊഴികളും സൈബര്‍ തെളിവുകളും കൃത്യമായി കോടതിയില്‍ എത്തിച്ചാണ് പ്രോസിക്യൂഷന് വിസ്മയ കേസില്‍ മികവ് പുറത്തെടുത്തത്. വിവാദമായ ഉത്ര വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഡ്വ ജി മോഹന്‍രാജാണ് വിസ്മയ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

ഉത്ര കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന സമയത്താണ് വിസ്മയ കേസിലും മോഹന്‍രാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രമാദമായ കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കിയ അദ്ദേഹത്തിന് ഇന്നത്തെ വിധി അഭിമാനം നല്‍കുന്നതാണ്. പല പ്രമാധമായ കേസുകളിലും പ്രോസിക്യൂട്ടറായ അഭിഭാഷകനാണ് മോഹന്‍രാജ്.

കൊല്ലം ബാറിലെ അഭിഭാഷകനായ ജി മോഹന്‍രാജ്, രശ്മി വധക്കേസ്, പൊലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്. കോട്ടയം എസ് എം ഇ റാഗിംഗ്, ആവണീശ്വര മദ്യ ദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശ വനിത ലിഗയുടെ മരണം. മഹാരാജാസ് കോളേജിലെ അഭിമന്യു വധം തുടങ്ങിയ കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു.

അതേസമയം, കേസില്‍ ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി രാജ്കുമാറാണ് അന്വേഷണം നടത്തിയത്. കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുത്ത് 80 ദിവസം തന്നെ അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. വിസ്മയയുടെ മരണം കൊലപാതകമല്ലെന്നും, ആത്മഹത്യയാണെന്ന് കണ്ടെത്തിയ പൊലീസ് സംഘം പ്രതി കിരണ്‍ കുമാറിനെതിരായ സാക്ഷിമൊഴികളും ശേഖരിച്ചിരുന്നു.

തനിക്ക് ഉയര്‍ന്ന ഉദ്യോഗമാണെന്നും കൂടുതല്‍ സ്ത്രീധനം കിട്ടണമെന്ന അഹന്തയായിരുന്നു കിരണിനുണ്ടായിരുന്നത്. ഇതാണ് വിസ്മയയുടെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നു. വിസ്മയ ആത്മഹത്യ ചെയ്യാനുള്ള കാരണം കിരണാണെന്ന ് ഉറപ്പാക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. കല്യാണത്തിന് മുമ്പ് സ്ത്രീധനത്തുക സംബന്ധിച്ചുള്ള കിരണിന്റെ അമിത പ്രതീക്ഷ തെളിയിക്കുന്ന സന്ദേശങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, 101 പവന് സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ . കോവിഡ് കാരണം 80 പവന് നല്കാനെ കഴിഞ്ഞുള്ളുവെന്നും വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരണ്‍ വേറെ കാര്‍ വേണമെന്നു വിസ്മയയോടു പറഞ്ഞതായും വിസ്മയുടെ പിതാവ് ത്രിവിക്രമന്‍നായര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് 9ാംദിവസം വിസ്മയ, അച്ഛന് ത്രിവിക്രമനോട് ഇങ്ങനെ തുടരാന്‍ വയ്യെന്നും താന്‍ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

2020 മേയ് 30 നാണ് ബി എ എം എസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത് . കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21 നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു .
കേരളം കാത്തിരുന്ന വിധി: വിസ്മയ കേസില്‍ കിരണ്‍ കുമാർ കുറ്റക്കാരന്‍, മകള്‍ക്ക് നീതി ലഭിച്ചെന്ന് പിതാവ്