പത്തനാപുരം ബൈപാസ്: സർവേ പൂർത്തിയായി; നടപടികൾക്കും ഭൂമി ഏറ്റെടുക്കലിനും 8.5 കോടി രൂപ
പത്തനാപുരം∙ പത്തനാപുരം ബൈപാസിന്റെ പ്രാഥമിക സർവേ പൂർത്തിയായി. 10 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് 5.5 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിനുള്ള അലൈൻമെന്റ് സർവേയാണ് പൂർത്തിയായത്.
രണ്ടര കിലോമീറ്റർ ദൂരമുള്ള ബൈപാസ്, പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായി കല്ലുംകടവ് പ്രിൻസ് പെട്രോൾ പമ്പിനു മുന്നിൽ നിന്നു തുടങ്ങി, നിലവിലെ വൺവേ റോഡിൽ പ്രവേശിച്ച് നെടുംപറമ്പിൽ നിന്നു വീണ്ടും പുതിയ റോഡ് നിർമിച്ച് ചെമ്മാൻ പാലത്തെ സ്വകാര്യ സർവീസ് സ്റ്റേഷന്റെ വശത്തു കൂടി പുനലൂർ റോഡിലേക്കു പ്രവേശിക്കും.

സർവേ നടപടികൾക്കും ഭൂമി ഏറ്റെടുക്കാനുമായി പ്രാഥമികമായി 8.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.അഞ്ചു വർഷം മുൻപാണ് ബൈപാസിന് പണം അനുവദിച്ചതായി പ്രഖ്യാപനം വന്നത്. നടപടികൾ ഇഴഞ്ഞാണ് നീങ്ങുന്നതെങ്കിലും സർവേ പൂർത്തിയായതോടെ പ്രധാന കടമ്പ കടന്നെന്ന ആശ്വാസത്തിലാണ് മലയോര മേഖല. സർവേ റിപ്പോർട്ട് അനുസരിച്ച് ആറു മാസത്തിനുള്ളിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിശ്വാസം. നടപടി വേഗമായാൽ അടുത്ത ബജറ്റിൽ റോഡ് നിർമാണത്തിനാവശ്യമായ പണം വകയിരുത്താൻ കഴിയുമെന്നും അധികൃതർ സൂചിപ്പിച്ചു.
പത്തനാപുരത്തെ കുരുക്ക് ഒഴിവാക്കാൻ
ആര്യങ്കാവ് വഴി എത്തുന്ന ഇതര സംസ്ഥാനക്കാർ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് പോകുന്നതിന് ഉപയോഗിക്കുന്ന പാതയിലാണ് പത്തനാപുരം ടൗൺ. സദാ സമയവും തിക്കും തിരക്കും അനുഭവപ്പെടുന്ന ടൗണിൽ മണ്ഡല- മകരവിളക്ക് കാലത്തും മറ്റ് ഉത്സവ സമയങ്ങളിലും മണിക്കൂറുകളാണ് ഗതാഗതം കുരുക്കിലാകുന്നത്. പുനലൂർ- മുവാറ്റുപുഴ പാതയുടെ നവീകരണം നടക്കുന്നുണ്ടെങ്കിലും ഇതുകൊണ്ട് മാത്രം ടൗണിലെ തിരക്ക് ഒഴിവാക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് ബൈപാസ് നിർമാണ നടപടി തുടങ്ങിയത്.കെട്ടിടങ്ങൾ പൊളിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് സർവേ പൂർത്തിയാക്കിയത്. പക്ഷേ നിലവിലെ വൺവേ റോഡിൽ വീടുകളുടെ മതിലുകൾ പൊളിക്കേണ്ടി വരും.












Click it and Unblock the Notifications