കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ്എഫ്ഐ അഴിഞ്ഞാടുന്നു: രമേശ് ചെന്നിത്തല
കൊല്ലം: കോളേജുകളിൽ സമാധാനപരമായി സംഘടനാ പ്രവർത്തനം നടത്തുന്ന കെ എസ് യു കുട്ടികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും എസ് എഫ് ഐ അഴിഞ്ഞാടുകയാണെന്ന് രമേശ് ചെന്നിത്തല. ഇതിൻ്റെ അവസാന ഉദാഹരണമാണ് കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ നടന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടകൾ മാരകായുധങ്ങളുമായി വന്ന് കെ എസ് യു കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചാലുംമൂട്ടിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മാതാപിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് തങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും മക്കളെയറിയിക്കാതെ ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിനായി പറഞ്ഞയക്കുന്നത്. ഉന്നത ബിരുദധാരികളായി വരുന്ന മക്കളെ കാത്തിരിക്കുന്നവർ നിരാശപ്പെടുന്ന വാർത്തകൾക്ക് തിരക്കഥയെഴുതുന്ന പണിയാണ് കോളേജ് ക്യാമ്പസുകളിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ സമാധാന അന്തരീക്ഷം തകർത്ത സിപിഎമ്മിൻ്റെ പോഷക സംഘടനകളുടെ അഴിഞ്ഞാട്ടത്തിനു ഭരണകൂടം പിന്തുണച്ചിരിക്കുകയാണ്. ഈ അക്രമങ്ങളെ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും കണ്ടില്ലെന്നു നടിക്കുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ സന്ദർശിച്ചു. ഒരു കാര്യം അക്രമത്തിനു നേതൃത്വം കൊടുക്കുന്നവർ മനസ്സിലാക്കണം കേരളത്തിലെ കെ എസ് യു. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല അവരോടൊപ്പം കോൺഗ്രസ് നേതൃത്വവും പ്രവർത്തകരുമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അക്രമങ്ങൾ നടക്കുമ്പോൾ പോലീസ് നിസ്സംഗരായി നോക്കി നിൽക്കുന്ന കാഴ്ചകളാണ് കാണുന്നതെന്നായിരുന്നു മുന്‍ ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ പ്രതികരണം. ബി ജെ പിയുമായി വോട്ടുകച്ചവടം നടത്തി വീണ്ടും അധികാരത്തിൽ എത്തിയതിൻ്റെ പേരിൽ എതിർ സ്വരങ്ങൾ ഉയർത്തുന്ന ജനങ്ങളെ വകവരുത്തിക്കളയാം എന്ന ചിന്താഗതിയാണ് സിപിഎമ്മിനെ അക്രമ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് ഇന്ന് തന്നെ അക്രമികളെ അറസ്റ്റ് ചെയ്യാൻ അഞ്ചാലുംമൂട് പോലീസ് തയ്യാറാകണം. അല്ലാത്തപക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള ശക്തമായ പ്രതിഷേധ സമരങ്ങൾ വരും ദിവസങ്ങളിലുണ്ടാകുമെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
മഞ്ജു വാര്യറുടെ പ്രിയദർശിനിയായി നയന്‍താര: വൈറലായി ഗോഡ്ഫാദറിലെ ഫസ്റ്റ് ലുക്ക്
ശാസ്താംകോട്ട ഡി.ബി കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണം തികച്ചും നിന്ദ്യവും ക്രൂരവുമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷം എംപിയുടെ പ്രതികരണം. ജനാധിപത്യരീതിയിലുള്ള സംഘടനാ പ്രവർത്തനം നടത്താനുള്ള അവകാശം എല്ലാ യുവജന സംഘടനകൾക്കും ഉണ്ടെന്ന വസ്തുത അവഗണിച്ചുകൊണ്ട് കെ എസ് യു പ്രവർത്തകർക്കു നേരെ നടത്തിയ ഗുണ്ടാ ആക്രമണം തുടർഭരണത്തിന്റെ തണലിൽ കേരളത്തിലെ ക്യാമ്പസുകളെ ചോരയിൽ മുക്കി തങ്ങളുടെ കൈപ്പിടിയിലാക്കാനുള്ള ഗൂഠപദ്ധതിയുടെ ഭാഗമാണ്.
എന്നാൽ കേരളത്തിലെ ക്യാമ്പസുകളെ കുരുതിക്കളമാക്കുന്ന എസ് എഫ് ഐ യുടെ കാടത്തം കയ്യുംകെട്ടി നോക്കി നിൽക്കാൻ കഴിയില്ല എസ് എഫ് ഐ ഗുണ്ടകളെ നിലക്ക് നിർത്താൻ സി പി എം നേതാക്കൾക്ക് കഴിയണമെന്നും ഇല്ലാത്ത പക്ഷം കേരളത്തിലെ സി പി എമ്മിന്റെ തകർച്ചയുടെ അവസാന ആണി അടിക്കുന്നത് എസ് എഫ് ഐ യുടെ അക്രമിസംഘമാകുമെന്നും ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ശാസ്താംകോട്ട ഡി.ബി. കോളേജിലെ രണ്ടാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർഥി പുത്തൂർ എസ്.എൻ.പുരം വട്ടവിള വീട്ടിൽ ജെ.എസ്.ആദിത്യൻ(19), അച്ഛൻ എ.ജയൻ, അമ്മ ശ്രീരഞ്ജിനി എന്നിവരെ സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകൾ വീട്ടിൽ കയറി മർദിച്ചു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ലാസ് റെപ്രസെന്റേറ്റീവ് സ്ഥാനാർഥിയായി ആദിത്യൻ മത്സരിച്ചിരുന്നു. ബൈക്കിലെത്തിയ ആറോളം പേർ സംഘത്തിലുണ്ടായിരുന്നവെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിലുൾപ്പെട്ടവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു'-കൊടിക്കുന്നില്‍ സുരേഷ് എംപി പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications