കൊല്ലം തൂവൽമലയിൽ വിദ്യാർത്ഥികൾ കാട്ടിനുള്ളിൽ അകപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു, പ്രദേശത്ത് കനത്ത മഴ
കൊല്ലം: അച്ചൻകോവിൽ കോട്ടവാസലിലെ തൂവൽമലയിൽ വിദ്യാർത്ഥികൾ കാട്ടിലകപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി എത്തിയവരാണ് ഇവർ. ആകെ 29 കുട്ടികളും രണ്ട് അധ്യാപകരുമാണ് കാട്ടിനുള്ളിൽപെട്ടത്. 17 ആൺകുട്ടികളും 10 പെൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
തൂവൽമല എന്ന ഭാഗത്താണ് നിലവിൽ ഇവരുള്ളതെന്നാണ് സൂചന. കൊല്ലം കോട്ടവാസൽ ഷണ്‍മുഖവിലാസം ഹയർസെക്കൻഡറി സ്കൂൾ ക്ലാപ്പനയിലെ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻ്റ് ഗൈഡിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഇവർ.

കഴിഞ്ഞയാഴ്ച്ച ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികൾ ഇവിടെയെത്തിയത്. ഇന്ന് ട്രക്കിംഗിനായി തൂവൽമലയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് ട്രക്കിംഗിന് പോയതെന്നാണ് സൂചന. വന്യമൃഗ ശല്യമുള്ള പ്രദേശമാണിത്.
അതേസമയം, കുട്ടികളെ വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിൽ സുരക്ഷിതരായി പാർപ്പിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് ഇവരെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പോലീസും വനം വകുപ്പും കുട്ടികളെ ഉടൻ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞുവെങ്കിലും ഇന്ന് രാത്രി അവരെ അവിടുന്ന് പുറത്തേക്ക് കൊണ്ട് വരാൻ കഴിയില്ല.
വന പ്രദേശമായതിനാലും ഇരുട്ടായതിനാലും ഇന്ന് ഇനി അവരെ പുറത്തെത്തിക്കാൻ കഴിയില്ലെന്നാണ് സൂചന. നാളെ രാവിലെ കുട്ടികളെ പുറത്തെത്തിക്കാമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ഇതിനൊപ്പം കനത്ത ഇരുട്ട് കൂടി ആയതോടെ രക്ഷാപ്രവർത്തനത്തിന് വലിയ തോതിൽ വെല്ലുവിളി നേരിടുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നാണ് കൊല്ലം ജില്ലാ കളക്‌ടർ അറിയിച്ചത്.












Click it and Unblock the Notifications