നാവിക സേന ഉദ്യോഗസ്ഥൻ അരുവിയിൽ മുങ്ങി മരിച്ചു: മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
കോട്ടയം: കോട്ടയത്ത് തീക്കോയി മാർമല വെള്ളച്ചാട്ടത്തിലെ അരുവിയിൽ കുളിക്കാനിറങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ നേവി ലെഫ്റ്റന്റ് ഓഫീസർ അഭിഷേക് (28) ആണ് മരിച്ചത്. കൊച്ചിയിൽ നിന്നുള്ള അഭിഷേക് ഉൾപ്പെട്ട നാവിക ഉദ്യോഗസ്ഥരുടെ സംഘമാണ് തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കൊച്ചി നേവൽ ബേസിലെ എട്ടംഗ സംഘമാണ് അവധി ദിവസമായ ഞായറാഴ്ച കോട്ടയത്തേക്ക് എത്തിയത്. എട്ടംഗ സംഘത്തിലെ നാല് പേരാണ് കുളിക്കാനിറങ്ങിയത്. ഈ സമയത്താണ് അപകടമുണ്ടായത്. അരുവിലിറങ്ങിയതോടെ അഭിഷേക് ചുഴിയിൽപ്പെട്ടതാണ് അപകടത്തിനുള്ള കാരണം. അപകടത്തിന് ശേഷം മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം വൈകിട്ടോടെയാണ് അഭിഷേകിന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്.
ശക്തമായ വെള്ളച്ചാട്ടവും, അടിയൊഴുക്കുമാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
Recommended Video
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം മൃതദേഹം കൊച്ചിയിലെ നാവികസേനയ്ക്ക് കൈമാറും. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ഫയര്‍ ഫോഴ്‌സിനോടൊപ്പം ടീം നന്മക്കൂട്ടം അംഗങ്ങളായ അഷ്‌റഫ് കുട്ടി, സദ്ദാം അജ്മല്‍, സന്ദീപ്, ഹാരിസ്, തന്‍സീര്‍, ഹുബൈല്‍, ജെസി, പരീകുട്ടി, എബി, മന്‍സൂര്‍, മാഹിന്‍ അമീര്‍ തുടങ്ങിയവരും രക്ഷപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയിരുന്നു.