വോട്ടെണ്ണല്‍ ദിനത്തില്‍ ആദ്യകുര്‍ബാന; പാലാ രൂപതയില്‍ വിശ്വാസികള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പ്
കോട്ടയം: മെയ് 2 ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍. ആ ദിനത്തില്‍ പാലാ രൂപതയില്‍ ഉള്‍പ്പെടെയുള്ള ചില കത്തോലിക്കാ ദേവാലയങ്ങള്‍ ആദ്യകുര്‍ബാന നടത്തുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ എതിര്‍പ്പ് .
മെയ് 2, ഞായറാഴ്ചയാണ്. സാധാരണ ഗതിയില്‍ ഞായറാഴ്ചകളില്‍ പള്ളികളില്‍ ഇത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ വിവാഹം പോലുള്ള ചടങ്ങുകള്‍ പോലും ഞായറാഴ്ചകളില്‍ നടത്താറുള്ളു എന്നാണ് വിശ്വാസികള്‍ പറയുന്നത്.

മെയ് 1, ശനിയാഴ്ച തൊഴിലാളി ദിനവും പൊതു അവധിയും ആണ്. അങ്ങനെയെങ്കില്‍ ആ ദിനം ആദ്യ കുര്‍ബാന നടത്തിക്കൂടെ എന്ന ചോദ്യം വിശ്വാസികളില്‍ വലിയൊരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ചില ദേവാലയങ്ങളിലെ പുരോഹിതര്‍ ഇക്കാര്യം അംഗീകരിച്ച് ആദ്യ കുര്‍ബാന ചടങ്ങുകള്‍ ശനിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ മറ്റിടങ്ങളില്‍ ഇത്തരമൊരു മാറ്റത്തിന് തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം.
ഞായറാഴ്ച എന്നതിനപ്പുറം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിനം എന്നതാണ് ഇത്തവണത്തെ മെയ് 2 ന്റെ പ്രത്യേകത. കേരളം മാത്രമല്ല, രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് അന്ന് പുറത്ത് വരുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകളുടേയും ഫലം ആണ് അന്ന് പുറത്ത് വരിക.
ഇക്കാര്യം സൂചിപ്പിച്ചിട്ടും ചില ദേവാലയങ്ങളിലെ വൈദികര്‍ ആഘോഷ ചടങ്ങുകള്‍ മാറ്റിവയ്ക്കാന്‍ തയ്യാറാകുന്നില്ല എന്നാണ് ആക്ഷേപം. മെയ് 1 ലേക്ക് ചടങ്ങുകള്‍ മാറ്റിവയ്ക്കുന്നത് പങ്കെടുക്കുന്നവരെ സംബന്ധിച്ച് കൂടുതല്‍ സൗകര്യപ്രദമാകും എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാത്രമല്ല, തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ഉണ്ടാകുന്ന വിജയാഹ്ലാദ/ പ്രതിഷേധ പ്രകടനങ്ങള്‍ ഗതാഗതക്കുരുക്കുണ്ടാക്കുകയും ചടങ്ങുകള്‍ക്ക് എത്തുന്നവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുമെന്നും വിശ്വാസികള്‍ പറയുന്നത്.
സാമൂഹ്യ വിഷയങ്ങളോടും രാഷ്ട്രീയ വിഷയങ്ങളോടും മുഖം തിരിച്ച് നില്‍ക്കുന്ന സമീപനം വൈദികരില്‍ നിന്ന് ഉണ്ടാകരുത് എന്നും വിശ്വാസികള്‍ പറയുന്നു. സഭാനേതൃത്വം തന്നെ വിഷയം ഗൗരവമായി പരിഗണിക്കണം എന്നതാണ് വിശ്വാസികളുടെ ആവശ്യം.












Click it and Unblock the Notifications