കൊവിഡ് സെന്ററിൽ പെൺകുട്ടിയ്ക്ക് നേരെ പീഡന ശ്രമം: താൽക്കാലിക ജീവനക്കാരൻ പിടിയിൽ,പുറത്തുവന്നത് രണ്ട് അതിക്രമങ്ങൾ
കോട്ടയം: കൊവിഡ് കെയർ സെന്ററിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആരോഗ്യവകുപ്പ് ജീവനക്കാരൻ പിടിയിൽ. കോട്ടയം നാട്ടകത്തുള്ള സിഎഫ്എൽടിസിയിലാണ് സംഭവം. ആരോഗ്യവകുപ്പിലെ താൽക്കാലിക ജീവനക്കാരനാണ് പിടിയിലായിട്ടുള്ളത്. സിഎഫ്എൽടിസിയിലെ ശുചീകരണ തൊഴിലാളിയാണ് കോവിഡ് ബാധിതയായ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചത്. 16 കാരിയായ പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടിയിട്ടുള്ളത്.
ജൂൺ 17നാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ചിങ്ങവനം സ്വദേശിയായ സച്ചിൻ നാട്ടകം പോളി ടെക്സിക്കിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസിയിലെ താൽക്കാലികമായി ജോലി ചെയ്ത് വരുന്നതിനിടെയാണ് സംഭവം.

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി മുറിയിൽ നിന്ന് ഫോൺ ചെയ്യുന്നതിനായി വരാന്തയിലേക്ക് ഇറങ്ങിയതോടെ പ്രതി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസിന്റെ വലയിലാവുകയായിരുന്നു.
ഈ സംഭവം പുറത്തുവന്നതോടെ താൻ നേരത്തെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്. 2017ൽ ബന്ധുവിൽ നിന്ന് ലൈംഗിക അതിക്രമത്തിന് ഇരയായെയെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. കേസിൽ ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. ചിങ്ങവനം പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയിട്ടുള്ളത്. രണ്ട് പ്രതികളെയും തെളിവെടുപ്പ് നടത്തിയ ശേഷം പോലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് റിമാൻഡ് ചെയ്തിട്ടുണ്ട്.
തുടർന്ന് പെൺകുട്ടിയെ പോലീസ് കൌൺസിലിംഗ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡ് ബാധിതയായ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ അരങ്ങേറിയത്. ആറന്മുളയിലായിരുന്നു സംഭവം. ഈ സംഭവം വിവാദമായതിന് പിന്നാലെ കേരളത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിരുന്നു. എന്നാൽ കോട്ടയത്തെ സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതോടെ അന്വേഷണം ആരംഭിച്ച പോലീസ് ആദ്യം പോക്സോ കേസ് എന്ന രീതിയിലാണ് ഈ സംഭവം കൈകാര്യം ചെയ്തത്.












Click it and Unblock the Notifications