ഷീബയേയും ഭർത്താവിനേയും ടീപോയ് കൊണ്ട് അടിച്ച് വീഴ്ത്തി, ഷോക്കടിപ്പിക്കാനും ശ്രമിച്ചു!
കോട്ടയം: താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. വീട്ടമ്മയായ ഷീബയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്.
മുഹമ്മദും ഷീബയും വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. അക്രമികള്‍ വീടിനകത്ത് പ്രവേശിച്ച ഉടനെ ഇവരെ ആക്രമിക്കുകയാണുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വാതിലിന് സമീപത്താണ് ഷീബയുടെ മൃതദേഹം കിടന്നിരുന്നത്. ഇവരെ അക്രമികള്‍ ടീപോയ് ഉപയോഗിച്ചാണ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്.

മുഹമ്മദിനെ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. മാത്രമല്ല മുഹമ്മദിന്റെയും ഷീബയുടെ കൈകള്‍ കൂട്ടിക്കെട്ടി ഇവരെ ഷോക്കടിപ്പിക്കാനുളള ശ്രമം നടത്തിയതായും സൂചനയുണ്ട്. വീട്ടിലെ ഗ്യാസ് കുറ്റി തുറന്ന് വെച്ചതിന് ശേഷമാണ് അക്രമികള്‍ കടന്ന് കളഞ്ഞത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ മോഷണം പോയിട്ടുണ്ട്. വീട്ടിലെ അലമാര കുത്തിത്തുറക്കാന്‍ അക്രമികള്‍ ശ്രമിച്ചിട്ടുണ്ട്. സാധനങ്ങള്‍ വലിച്ച് വാരി പുറത്തിട്ട നിലയിലാണ്.
മുഹമ്മദ് സാലിക്കിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാല്‍ കൊലപാതകികളെ കുറിച്ചുളള വിവരം ലഭിച്ചേക്കും. സാലിയെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രമാണ് ഇവരുടെ വീട്ടില്‍ നടന്നത് നാട്ടുകാര്‍ അറിഞ്ഞത്. ഷീബയുടെ സഹോദരന്റെ വീട് വാടകയ്ക്ക് എടുക്കാനായി വന്ന യുവാക്കളാണ് ഗ്യാസിന്റെ മണമറിഞ്ഞ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മുഹമ്മദും ഷീബയും രക്തത്തില്‍ കുളിച്ച് അകത്ത് കിടക്കുന്നത് കണ്ടത്.
ഈ സമയത്തേക്ക് നാട്ടുകാര്‍ അഗ്നിശമന സേനയേയും വിളിച്ച് വരുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറി. ഷീബ അപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ സാലിക്ക് ജീവന്‍ ഉണ്ടെന്ന് കണ്ട നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ മകള്‍ ഷാനി ഭര്‍ത്താവിനൊപ്പം മസ്‌കറ്റിലാണ് താമസം. ഇവര്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. മോഷണം പോയ കാര്‍ കണ്ടെത്താന്‍ അതിര്‍ത്തികളിലടക്കം പോലീസ് പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications