'ജെസ്‌ന കൈയെത്തും ദൂരത്ത് എത്തിയിരുന്നു... പക്ഷെ,' ഉറപ്പായും കണ്ടെത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി
കോട്ടയം: ജെസ്‌ന തിരോധാന കേസില്‍ സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സാങ്കേതിക നടപടി മാത്രമാണ് എന്ന് മുന്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരി. കേസില്‍ എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സി ബി ഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റുമെന്ന് തച്ചങ്കരി പറഞ്ഞു. ക്ലോഷര്‍ റിപ്പോര്‍ട്ട് ഒരു സാങ്കേതിക നടപടിയാണെന്നും ജെസ്‌ന ഒരു മരീചികയൊന്നുമല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജെസ്‌നയെ സി ബി ഐ കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. കൈയെത്തും ദൂരത്ത് ജെസ്‌ന എത്തി എന്ന് കരുതുന്ന സമയത്താണ് കൊവിഡ് വന്നത് എന്നും തമിഴ്‌നാട്ടിലേക്ക് പോകേണ്ടിയിരുന്ന ആ സമയത്ത് ഒന്നര വര്‍ഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനിടെയാണ് കുടുംബം കോടതിയില്‍ പോയി കേസ് സി ബി ഐക്ക് കൈമാറിയത്.

ജെസ്‌ന പ്രപഞ്ചത്തില്‍ എവിടെ ജീവിച്ചാലും മരിച്ചാലും അവരെ സി ബി ഐ കണ്ടെത്തും എന്ന് തച്ചങ്കരി പറഞ്ഞു. ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് സി ബി ഐ എന്നും ക്ലോഷര്‍ റിപ്പോര്‍ട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി ബി ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും കേസ് തെളിയാതെ വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ വരാറുണ്ട്.
എന്നാല്‍ ആരും മനപ്പൂര്‍വം കുറ്റങ്ങള്‍ ചെയ്തിട്ടില്ല എന്നും നൂറുകണക്കിന് കേസുകള്‍ ലോക്കല്‍ പൊലീസിന് അന്വേഷിക്കാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ന് ജെസ്‌ന കേസ് വലിയ വെല്ലുവിളിയായിരുന്നില്ല എന്നും കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല എന്നും തച്ചങ്കരി പറഞ്ഞു. മനപ്പൂര്‍വമായ തെറ്റ് ലോക്കല്‍ പൊലീസോ ക്രൈംബ്രാഞ്ചോ സി ബി ഐയോ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജെസ്‌ന മരിയ ജെയിംസ് തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നതായി സി ബി ഐ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തും നീണ്ട മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് സി ബി ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും തച്ചങ്കരി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്‌ന മരിയ ജയിംസിനെ എരുമേലിയില്‍ നിന്ന് കാണാതാകുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ജെസ്‌ന പിന്നീട് തിരിച്ചെത്തിയില്ല.
ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്ത് 2021 ഫെബ്രുവരിയില്‍ ഹൈക്കോടതി സി ബി ഐക്ക് കൈമാറി. ജെസ്‌നയെ കണ്ടെത്താന്‍ സി ബി ഐ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications