എല്‍ഡിഎഫില്‍ നേരിടുന്നത് കടുത്ത അവഗണന, കോട്ടയത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ജെഡി
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് മുന്നണി കടക്കുന്നതിനിടെ എല്‍ഡിഎഫില്‍ അതൃപ്തി പ്രകടമാക്കി ആര്‍ജെഡി. എല്‍ഡിഎഫില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നു എന്നാണ് ആര്‍ജെഡി കോട്ടയം ജില്ലാ നേതൃത്വത്തിന്റെ പരാതി. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഒറ്റക്ക് മത്സരിക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം.
ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന ആര്‍ജെഡി കോട്ടയം ജില്ല കണ്‍വെന്‍ഷനില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കോട്ടയത്ത് മാത്രമല്ല, പല ജില്ലകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം എന്ന് അറിയുന്നു. ഇത്രയും അവഗണന തുടര്‍ന്ന് മുന്നണിയില്‍ തുടരാനാകില്ല എന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നത്. കേരള കോണ്‍ഗ്രസ് എം മുന്നണിയിലെത്തിയതോടെ മറ്റ് ഘടകകക്ഷികളെ അവഗണിക്കുകയാണ് എന്നാണ് പരാതി.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയതിന്റെ ഗുണം സിപിഎമ്മിനും സിപിഐയ്ക്കുമാണ് ലഭിച്ചത്. മുന്നണി മര്യാദ പാലിക്കാതെ സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നീ കക്ഷികള്‍ ചേര്‍ന്നാണ് പലകാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. മൂന്ന് കക്ഷികള്‍ക്കും സ്വാധീനമില്ലാത്ത മേഖലകളില്‍ പോലും മറ്റ് ഘടകകക്ഷികളെ പരിഗണിക്കുന്നില്ല.
ഇവിടങ്ങളില്‍ സ്വതന്ത്രരെ കണ്ടെത്തുന്ന രീതിയാണുള്ളത് എന്നും ഇത് അംഗീകരിക്കാനാകില്ല എന്നുമാണ് ആര്‍ജെഡിയുടെ പക്ഷം. അതേസമയം മുന്നണിക്കുള്ളിലെ രണ്ടാമന്‍ ആര് എന്നതിനെ ചൊല്ലി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കോട്ടയത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി ഈ തര്‍ക്കം പാരമ്യത്തില്‍ എത്തും എന്നതും ഉറപ്പാണ്.
കോട്ടയം ജില്ലയിലെ നിയമസഭാ അംഗബലം വെച്ച് നോക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എം ആണ് കരുത്തര്‍. മൂന്ന് എംഎല്‍എമാരാണ് ജില്ലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഉള്ളത്. സിപിഎമ്മിനും സിപിഐയ്ക്കും ഓരോ എംഎല്‍എമാരുണ്ട്. ഈ കണക്ക് വെച്ച് ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ സിംഹഭാഗം സീറ്റും കേരള കോണ്‍ഗ്രസ് എം അവകാശപ്പെടും എന്ന കാര്യം ഉറപ്പാണ്.
എന്നാല്‍ കേരള കോണ്‍ഗ്രസ് എം മുന്നണിയില്‍ വരുന്നതിന് മുന്‍പ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന സീറ്റ് വേണം എന്നതായിരിക്കും സിപിഐയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സിപിഐ അനുകൂല നിലപാടായിരുന്നു സിപിഎം സ്വീകരിച്ചിരുന്നത്.












Click it and Unblock the Notifications