കപ്പല്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി; ദുരൂഹതയെന്ന് കുടുംബം
കോട്ടയം: യുവാവിനെ കപ്പല്‍ യാത്രയ്ക്കിടെ കാണാതായതായി പരാതി. കുറിച്ചി ചെറുവേലിപ്പടി വല്യടത്തറ ജസ്റ്റിന്‍ കുരുവിളയെയാണ് (28) രണ്ട് ദിവസമായി കാണാതായത്. ജനുവരി 31 നാണ് കപ്പലിലെ അസിസ്റ്റന്റ് കുക്കായ ജസ്റ്റിന്‍ ഉള്‍പ്പെടെയുള്ള സംഘം അമേരിക്കയിലെ ബയോണയിലേക്ക് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നിന്ന് യാത്ര പുറപ്പെട്ടത്. കപ്പല്‍യാത്രയ്ക്കിടയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ജസ്റ്റിനെ കാണാതായെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്.
രണ്ട് ദിവസമായി ജസ്റ്റിന്റെ വിവരം കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ജസ്റ്റിന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ അധികൃതരാണ് ബുധനാഴ്ച രാവിലെ സഹോദരനെ ഫോണില്‍ വിളിച്ച് കാണാതായ വിവരം അറിയിച്ചത്. വൈകിട്ടോടെ എറണാകുളത്തെ ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തി ഇത് സംബന്ധിച്ച കത്തു നല്‍കി. ഇതോടെ ആകെ തകര്‍ന്ന അവസ്ഥയിലാണ് മാതാവ് കുഞ്ഞൂഞ്ഞമ്മയും സഹോദരങ്ങളായ സ്റ്റെഫിനും ശിഖയും.

6 വര്‍ഷമായി കപ്പലില്‍ ജോലി ചെയ്യുന്ന ജസ്റ്റിന്‍ കഴിഞ്ഞ നവംബറിലാണ് അവസാനം നാട്ടിലെത്തിയത്. മൂന്നാഴ്ച മുന്‍പായിരുന്നു സഹോദരന്റെ വിവാഹം. ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കപ്പല്‍ അമേരിക്കയില്‍ എത്തിയ ശേഷം നാട്ടിലെത്തി എല്ലാവരെയും കാണാനുള്ള ഒരുക്കത്തിലായിരുന്നു ജസ്റ്റിന്‍. സഹോദരന്‍ സ്‌റ്റെഫിനും കപ്പല്‍ ജീവനക്കാരനാണ്. അടുത്തയാഴ്ച വിദേശത്തേക്കു മടങ്ങാനിരുന്ന സഹോദരി ശിഖ ജസ്റ്റിനെ കാണാതായ വാര്‍ത്ത അറിഞ്ഞ് വീട്ടില്‍ തന്നെ തുടരുകയാണ്.
അവസാനം ഫോണ്‍ വിളിച്ചപ്പോള്‍ ജസ്റ്റിന്‍ സന്തോഷത്തോടെയാണ് സംസാരിച്ചതെന്ന് കുഞ്ഞൂഞ്ഞമ്മ പറയുന്നു. ജസ്റ്റിനെ കാണാതായെന്ന് കരുതുന്ന ഭാഗത്ത് ഇന്നലെ തിരച്ചില്‍ നിര്‍ത്തിയെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കപ്പല്‍ അധികൃതരുമായി കൂടുതല്‍ ആശയവിനിമയം നടത്താന്‍ കഴിയുന്നില്ല എന്നതാണ് കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രിക്കു കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി വി എന്‍ വാസവന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, സഹമന്ത്രി വി മുരളീധരന്‍, ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ എന്നിവര്‍ക്കു കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ ജസ്റ്റിന്റെ വീട് സന്ദര്‍ശിച്ചു
ജസ്റ്റിന്റെ തിരോധാനത്തില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്റ്റിന്റെ അമ്മ അവസാനമായി മകനുമായി ഫോണില്‍ സംസാരിച്ചത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളില്‍ ജസ്റ്റിന്‍ പറഞ്ഞിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിന്‍ സ്ട്രീം അറ്റ്ലാന്റിക്കെന്ന കപ്പലില്‍ അസിസ്റ്റന്റ് നാല് വര്‍ഷം മുമ്പാണ് കുക്കായത്. മൂന്ന് വര്‍ഷം മുമ്പാണ് ജസ്റ്റിന്റെ അച്ഛന്‍ കുരുവിള തീവണ്ടി തട്ടി മരിച്ചത്.












Click it and Unblock the Notifications