ഈരാറ്റുപേട്ടയില്‍ സിപിഎം നാടകം അവസാനിച്ചു; അട്ടിമറി പാളി... ഒന്നര മാസം സ്തംഭിച്ചത് മിച്ചം
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന ഇടതുപക്ഷം ഒടുവില്‍ കാലുമാറി. യുഡിഎഫ് ക്യാമ്പില്‍ നിന്ന് ചിലരെ അടര്‍ത്താനുള്ള നീക്കം പാളിയതോടെയാണ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല എന്ന് ഇടതുപക്ഷം തീരുമാനിച്ചതത്രെ. എസ്ഡിപിഐയുമായി തയ്യാറാക്കിയ ധാരണ നടപ്പായാല്‍ യുഡിഎഫ് അത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന ആശങ്കയും എല്‍ഡിഎഫിനുണ്ടായി.
യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം പാസാക്കി ഭരണം പിടിക്കാനായിരുന്നു ഇടതുപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ അവസാനം നടന്ന ചില ഇടപെടലുകള്‍ കാരണം തീരുമാനം മാറ്റുകയായിരുന്നു. ചില ധാരണകള്‍ ഉണ്ടായിരുന്നു എന്നാണ് എസ്ഡിപിഐ നേതാക്കള്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മുസ്ലിം ലീഗിലെ സുഹറ അബ്ദുല്‍ ഖാദറായിരുന്നു ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍. ഇവര്‍ക്കെതിരെ കഴിഞ്ഞ മാസമാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ 13ന് പ്രമേയത്തിന്‍മേല്‍ വോട്ടെടുപ്പ് നടന്നു. 15 വോട്ടുകള്‍ നേടി പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതയുടെയും എസ്ഡിപിഐയുടെ 5 അംഗങ്ങളുടെയും പിന്തുണയോടെയാണ് പ്രമേയം പാസായത്.

28 സീറ്റുകളാണ് ഈരാറ്റുപേട്ട നഗരസഭയിലുള്ളത്. മുസ്ലിം ലീഗ് ഒമ്പത്, കോണ്‍ഗ്രസ് 3, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട് എന്നിങ്ങനെയാണ് യുഡിഎഫിലെ കക്ഷി നില. ഇതില്‍ കോണ്‍ഗ്രസ് അംഗമായിരുന്ന അല്‍സന പരീക്കുട്ടി അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. സിപിഎം 7, സിപിഐ, കേരള കോണ്‍ഗ്രസ് എം ഒന്ന് വീതം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫിലെ കക്ഷിനില.

അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിമത അല്‍സിന പരീക്കുട്ടി ഒപ്പുവച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ശേഷം അവരെ കാണാതായി. പൂഞ്ഞാര്‍ എംഎല്‍എയും ഇടതു നേതാക്കളും അല്‍സിന പരീക്കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു യുഡിഎഫ് പ്രചാരണം. എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തുകയുമുണ്ടായി. വോട്ട് ദിവസം പ്രത്യക്ഷപ്പെട്ട അല്‍സിന പരീക്കുട്ടി തന്നെ ആരും തട്ടിക്കൊണ്ടുപോയില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഭരണസമിതി വീണതോടെ ഇനി ആര് അധികാരത്തിലേറുമെന്നതായിരുന്നു ചോദ്യം. വിമതയായി മറുകണ്ടം ചാടിയ അംഗത്തെ തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ യുഡിഎഫിന് തന്നെ ഭരിക്കാം. എന്നാല്‍ എല്‍ഡിഎഫിന്റെ കാര്യം അങ്ങനെയല്ല. കോണ്‍ഗ്രസ് വിമതയുടെ പിന്തുണ ലഭിച്ചാലും 10 അംഗങ്ങളേ അവര്‍ക്കുണ്ടാകൂ. ഭരണം പിടിക്കാന്‍ ഇനിയും നാല് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

ഇടതുപക്ഷത്തിന് ഭരണം കിട്ടണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കണം. യുഡിഎഫ് ക്യാമ്പിലുള്ള ചിലരുടെ പിന്തുണ കിട്ടണം. അല്ലെങ്കില്‍ എസ്ഡിപിഐയുടെ പിന്തുണ ലഭിക്കണം. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച പോലെ ഇടതു ഭരണസമിതി വരുന്നതിനും എസ്്ഡിപിഐ പിന്തുണയ്ക്കുമായിരുന്നു എന്നാണ് വിവരം. അതേസമയം, യുഡിഎഫ് നേതാക്കള്‍ നടത്തിയ ചില ഇടപെടലുകളാണ് അവരുടെ മനംമാറ്റാന്‍ കാരണമെന്ന് പറയപ്പെടുന്നു.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്നാണ് ഇപ്പോള്‍ ഇടതുപക്ഷം പറയുന്നത്. ശനിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനം. എസ്ഡിപിഐ കൂട്ടുകെട്ടില്‍ എല്‍ഡിഎഫ് ഭരണം പിടിക്കാന്‍ ശ്രമിക്കുന്നു എന്ന യുഡിഎഫ് പ്രചാരണമാണ് പിന്‍മാറാനുള്ള ഒരു കാരണമായി ഇടതു നേതാക്കള്‍ പറയുന്നത്. വിജയിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് മാറി നില്‍ക്കുന്നു എന്നാണ് നേതാക്കള്‍ പറയുന്ന മറ്റൊരു കാരണം.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

യുഡിഎഫില്‍ നിന്ന് വന്ന അംഗത്തെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ ഇടതുപക്ഷവും എസ്ഡിപിഐയും ധാരണയായിരുന്നു എന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്. തങ്ങള്‍ ഇപ്പോഴും ആ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നും അവര്‍ പറയുന്നു. ഇടതുപക്ഷം ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ക്വാറം തികയാതെ വരികയും തിങ്കളാഴ്ച വോട്ടെടുപ്പ് മാറ്റിവെക്കുകയും ചെയ്യും. തൊട്ടടുത്ത ദിവസം സമാനമായ സാഹചര്യം വന്നാല്‍ യുഡിഎഫിന് ഭരണം വീണ്ടും ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ ഉയരുന്ന ചോദ്യം എന്തിന് ഒന്നര മാസം നഗരസഭാ ഭരണം അനിശ്ചിതത്വത്തിലാക്കി എന്നതാണ്.












Click it and Unblock the Notifications