മൂര്‍ഖന്റെ കടിയേറ്റ് മരണം തൊട്ടുമുന്നില്‍, കയറ്റിയത് 50 കുപ്പി ആന്റി വെനം; ഒടുവില്‍ അഭീഷ് ജീവിതത്തിലേക്ക്
നേരത്തെ വാവ സുരേഷിന് 65 കുപ്പി ആന്റി വെനമാണ് മൂര്‍ഖന്റെ കടിയേറ്റപ്പോള്‍ നല്‍കിയിരുന്നത്. സാധാരണ 25 കുപ്പി ആന്റി വെനമാണ് നല്‍കാറുള്ളത്

കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വനം വകുപ്പിന്റെ പാമ്പ് പിടുത്തക്കാരന്‍ അഭീഷ് തിരികെ ജീവിതത്തിലേക്ക്. 33 കാരനായ അഭീഷിനെ കോട്ടയം മെഡിക്കല്‍ കോളെജിലെ ചികിത്സയാണ് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവന്നത്. മൂര്‍ഖന്റെ കടിയേറ്റ് ഒരാഴ്ചയിലേറെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു അഭീഷ്.
ജനുവരി 30 ന് രാത്രിയാണ് അഭീഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. നട്ടാശേരിയിലെ ഫോറസ്റ്റ് കോംപ്ലക്‌സ് കെട്ടിടത്തിന് സമീപത്തെ ആറ്റുകടവില്‍ വെച്ച് അഭീഷ് അറിയാതെ മൂര്‍ഖനെ ചവിട്ടുകയായിരുന്നു. ഇതിനിടെ ആണ് അഭീഷിന് മൂര്‍ഖന്റെ കടിയേല്‍ക്കുന്നത്. ഉടന്‍ തന്നെ കൂടെയുള്ളവര്‍ അഭീഷിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ആശുപത്രിയില്‍ എത്തും മുന്‍പ് അഭീഷിന്റെ ബോധം മറഞ്ഞിരുന്നു. മൂര്‍ഖനാണ് കടിച്ചത് എന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ ഉടന്‍ മരുന്ന് നല്‍കാനും തുടങ്ങി. 50 കുപ്പി ആന്റ് സ്‌നേക് വെനം ആണ് അഭീഷിന് നല്‍കിയത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പി ആന്റി വെനമാണ് നല്‍കേണ്ടത്.
എന്നാല്‍ 25 കുപ്പി ആന്റി വെനം നല്‍കിയിട്ടും അഭീഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടില്ല. ഇതോടെയാണ് 25 കുപ്പി കൂടി ആന്റി വെനം നല്‍കിയത്. നേരത്തെ വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റപ്പോള്‍ 65 കുപ്പി ആന്റി വെനം നല്‍കിയിരുന്നു. വിഷം കൂടുതല്‍ ശരീരത്തില്‍ പ്രവേശിച്ചതിനാലാണ് ഇത്ര അധികം ആന്റി വെനം അഭീഷിന് നല്‍കേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം അഭീഷിന് മൂന്ന് മാസത്തോളം ആന്റി ബയോട്ടിക് നല്‍കേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വലത് കാലിന്റെ ചെറുവിരലിന് തൊട്ടടുത്താണ് അഭീഷിനെ മൂര്‍ഖന്‍ കടിച്ചത്. കടിയേറ്റ കാലിന്റെ പാദത്തിലെ മുകള്‍ ഭാഗത്തെ മാംസം പൂര്‍ണമായും നീക്കി. ഈ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിനാല്‍ തന്നെ അഭീഷിന് കാല്‍ കുത്തിനടക്കാനാവില്ല.
വനം വകുപ്പ് തയാറാക്കിയ 'സര്‍പ' മൊബൈല്‍ ആപ്പിന്റെ ജില്ലാ കോ ഓര്‍ഡിനേറ്ററാണ് തൃശൂര്‍ കൊടകര സ്വദേശിയായ അഭീഷ്. 250 ലേറെ പേര്‍ക്ക് പാമ്പിനെ പിടിക്കാന്‍ അഭീഷ് പരിശീലനം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് നിന്ന് അഭീഷ് 1400 ലേറെ വിഷപ്പാമ്പുകളെയും നാല് രാജവെമ്പാലകളെയും പിടികൂടിയിട്ടുണ്ട്. 2018 മുതല്‍ നട്ടാശേരി ഓഫിസിലാണ് അഭീഷ് ജോലി ചെയ്യുന്നത്.












Click it and Unblock the Notifications