നദികളിലെ വെള്ളം കുറയുന്നു; നാട്ടിലിറങ്ങി നാശം വിതച്ച് വന്യമൃഗങ്ങള്‍
കോട്ടയം: ജില്ലയില്‍ വന്യജീവി ശല്യം രൂക്ഷമാകുന്നു. കോട്ടയം ജില്ലയിലെ ഏഞ്ചല്‍വാലിയിലും എഴുകുമണ്ണിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. എഴുകുമണ്ണില്‍ ഇറങ്ങിയ കാട്ടാന സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ് എന്നിവ പിഴുതെറിഞ്ഞിട്ട നിലയിലാണ്. മ്ലാവുകള്‍ കരഞ്ഞതോടെയാണ് നാട്ടുകാര്‍ ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഏഞ്ചല്‍വാലിയിലും കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം കണമലയ്ക്ക് സമീപവും ആന എത്തിയിരുന്നു. കാട്ടിലെ ചോലകളില്‍ വെള്ളം വറ്റിയതും സസ്യലതാദികള്‍ കരിഞ്ഞതും ആനകളുടെ കാടിറക്കത്തിനു കാരണമാവുകയാണെന്നാണ് നിഗമനം.
ചെന്നാപ്പാറയില്‍ സ്ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ വനംവകുപ്പ് അധികൃതര്‍ പരിശോധിച്ചിട്ടുണ്ട്. പമ്പ, അഴുത നദികളില്‍ നിന്നു വെള്ളം കുടിച്ച ശേഷം ഇവ നാട്ടിലേക്ക് ഇറങ്ങുകയാണ്. എരുമേലി റേഞ്ചിനു കീഴില്‍ 30 കിലോമീറ്ററില്‍ വനാതിര്‍ത്തികളില്‍ സൗരവേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ല. ഇവ പലയിടത്തും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വേനല്‍ക്കാലം തുടങ്ങിയാല്‍ കാട്ടാനകള്‍ നാട്ടിലിറങ്ങി വിള നശിപ്പിക്കുന്നത് പതിവാണ്. ആളുകളെ ആക്രമിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. അതിരപ്പള്ളി കണ്ണന്‍കുഴി സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നീമിയ ആണ് മരിച്ചത്.

വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് ഓടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതികള്‍ ഉന്നയിച്ചിരുന്നു. ഇന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ചാലക്കുടി എം എല്‍ എ സനീഷ് കുമാര്‍ അടക്കമുള്ളവര്‍ ഉപരോധത്തില്‍ പങ്കെടുത്തിരുന്നു. കരിങ്കല്‍ ഭിത്തി നിര്‍മിച്ച് ആനശല്യം ഒഴിവാക്കണമെന്നും എം എല്‍ എ പറഞ്ഞു. സംഭവത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
അതേസമയം മുണ്ടക്കയത്തെ ടി ആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ചെന്നാപ്പാറ മുകള്‍ഭാഗത്ത് പുലിയെ കണ്ടതായി ജനങ്ങള്‍ പറഞ്ഞു. എന്നാല്‍ പുലിയെ കണ്ട സ്ഥലങ്ങളില്‍ സ്ഥാപിച്ച ക്യാമറകളില്‍ പുലിയുടെ ദൃശ്യങ്ങളില്ലാത്തതിനാല്‍ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വേനല്‍ രൂക്ഷമാകുന്നതോടെ വന്യമൃഗങ്ങളുടെ ആക്രമണം ഭയന്നാണ് വനാതിര്‍ത്തികളില്‍ കഴിയുന്നവര്‍ ജീവിക്കുന്നത്. കോട്ടയത്തിന് പുറമെ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലും വന്യമൃഗശല്യം രൂക്ഷമാണ്.












Click it and Unblock the Notifications