ഫേസ്ബുക്കില്‍ പങ്കുവെച്ച യുവ എഴുത്തുകാരിയുടെ ഫോട്ടോകള്‍, അശ്ലീലസൈറ്റില്‍; പരാതി നല്‍കിയിട്ടും നടപടിയില്ല
കോട്ടയം: ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ അശ്ലീല സൈറ്റില്‍ പ്രചരിക്കുന്നതിനെതിരെ യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതെ പൊലീസ്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ ചിത്തിര കുസുമന്റെ ഫോട്ടോകളാണ് അശ്ലീല സൈറ്റില്‍ പ്രചരിപ്പിക്കുന്നത്.
ഇതിന് എതിരെ ചിത്തിര കുസുമന്‍ തന്നെ രംഗത്തെത്തുകയും പൊലീസ് പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് ചിത്തിര കുസുമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരാതി നല്‍കി ഒരുമാസമായിട്ടും ഇതില്‍ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് സദാചാര ക്ലാസെടുത്തു വിടുകയായിരുന്നു എന്ന് യുവ എഴുത്തുകാരി പറഞ്ഞിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു ചിത്തിര കുസുമന് ദുരനുഭവമുണ്ടായിരുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ അശ്ലീല സൈറ്റില്‍ ഉണ്ട് എന്ന് സുഹൃത്ത് പറഞ്ഞാണ് ചിത്തിര കുസുമന്‍ അറിഞ്ഞത്. എന്നാല്‍ പരാതി നല്‍കാനെത്തിയ തന്നോട് പ്രൊഫൈല്‍ ലോക്ക് ചെയ്യാത്തിനെ കുറിച്ചാണ് പൊലീസ് ചോദിച്ചത് എന്ന് ചിത്തിര കുസുമന്‍ പറഞ്ഞിരുന്നു.
ലോക്ക് ചെയ്തില്ലെങ്കില്‍ കണ്ടവര്‍ ഫോട്ടോയും കൊണ്ടുപോയി തോന്നിയത് ചെയ്യും. അതിന് പരാതി പറഞ്ഞിട്ട് എന്ത് കാര്യം എന്നായിരുന്നു മറുപടി എന്നും ചിത്തിര കുസുമന്‍ ആരോപിച്ചിരുന്നു. ഫേസ്ബുക്ക് വഴി പണം തട്ടിയെടുത്തത് കണ്ടെത്താനാകുന്നില്ല പിന്നല്ലേ പ്രൊഫൈലിലെ ഫോട്ടോ പോയത് എന്നായിരുന്നു പൊലീസിന്റെ മറുപടി.
രാത്രി പുറത്തിറങ്ങിയിട്ടല്ലേ റേപ്പ് ചെയ്യപ്പെട്ടത് എന്ന് ചോദിക്കുന്ന അതേ ന്യായമാണ് പ്രൊഫൈല്‍ ലോക്ക് ചെയ്യാഞ്ഞിട്ടല്ലേ ഫോട്ടോ എടുത്തോണ്ട് പോയത് എന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കുന്നതിലൂടെ സംഭവിക്കുന്നത് എന്ന് ചിത്തിര കുസുമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
തന്റെ പരാതി നേരിട്ട് സ്വീകരിച്ചില്ല എന്നും ഇ മെയിലില്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു എന്നും ചിത്തിര പറഞ്ഞിരുന്നു. നവംബര്‍ 30 ന് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകാതായതോടെ ഡിസംബര്‍ എട്ടിന് ചിത്തിര കുസുമന്‍ വീണ്ടും ഈ മെയില്‍ അയച്ചിരുന്നു. നടപടി എടുക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും ഫോട്ടോകള്‍ ഇനിയും അശ്ലീല സൈറ്റില്‍ നിന്നു നീക്കം ചെയ്തിട്ടില്ല എന്നാണ് വിവരം.












Click it and Unblock the Notifications