എല്‍ഡിഎഫ് പ്രചാരണ ജാഥയിലേക്ക് ഷോണ്‍ ജോര്‍ജ് വണ്ടിയോടിച്ച് കയറ്റി? അവര്‍ക്ക് ഭ്രാന്താണെന്ന് ഷോണ്‍!!
കോട്ടയം: പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് എല്‍ഡിഎഫിന്റെ പൂഞ്ഞാറിലെ പര്യടനത്തിനിടയിലേക്ക് അമിത വേഗത്തില്‍ വാഹനം ഇടിച്ച് കയറ്റിയതായി ആരോപണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പര്യടനത്തിടയിലാണ് സംഭവം. രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്പര്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഷോണ്‍ ജോര്‍ജിന്റെ വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ പികെ തോമസ് പുളിമൂട്ടില്‍, ഷിബു, എന്നിവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. താന്‍ കൈപ്പള്ളിയില്‍ നിന്ന് ഏണ്ടയാറിലേക്ക് വരികയാണ്. ആ സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹം കടന്നുപോയി. അവരെയെല്ലാം ഞാന്‍ കൈ പൊക്കി കാണിച്ചിരുന്നു. അത് കഴിഞ്ഞ് ഒരു കിലോ മീറ്റര്‍ മുന്നോട്ട് വന്നപ്പോഴാണ് സംഭവം നടന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. രണ്ട് പേര്‍ നല്ല മദ്യലഹരിയില്‍ എന്റെ വാഹനത്തിന് നേരെ വന്നു. എന്റെ വാഹനം വെട്ടിച്ച് മാറ്റി. അതിനിടയില്‍ ബൈക്ക് എന്റെ വാഹനത്തില്‍ തട്ടി. പിന്നെ ആ വാഹനം പിന്നെയും നൂറ് മീറ്റര്‍ കൂടി മുന്നോട്ട് പോയി. കുഴിയില്‍ ചാടിയെന്നും ഷോണ്‍ പറഞ്ഞു.
കുഴിയില്‍ വാഹനം വീണപ്പോള്‍ തന്നെ ഞാന്‍ നാട്ടുകാരെയും കൂട്ടി അവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിഷയദാരിദ്ര്യം കൊണ്ടും തോല്‍ക്കുമെന്ന പേടി കൊണ്ടുമെന്നും അവര്‍ മെനഞ്ഞുണ്ടാക്കിയ കഥയാണിത്. അവര്‍ക്ക് ശരിക്കും ഭ്രാന്താണ്. എന്റെ വാഹനം ആര്‍ക്ക് വേണമെങ്കില്‍ പരിശോധിക്കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് നേരെ വണ്ടിയിടിച്ച് കയറ്റാന്‍ എനിക്കെന്താ ഭ്രാന്താണോ? എന്റെ പിതാവ് മത്സരിക്കുമ്പോള്‍ ഇത്തരമൊരു കാര്യം ദോഷമായിട്ട് വരികയല്ലേ ഉള്ളൂ. ഞാനൊരു ജനപ്രതിനിധിയാണ്. അത്ര ബോധമില്ലാത്തവനല്ലെന്നും ഷോണ്‍ പറഞ്ഞു.
ഇടതുമുന്നണി പ്രവര്‍ത്തകര്‍ പക്ഷേ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ ശ്രമിച്ചിട്ടും ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണെന്നും, വണ്ടിയിടിച്ച ശേഷം ഷോണ്‍ നിര്‍ത്താതെ പോയെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഷോണിന്റെ വണ്ടിയുടെ പിന്‍ഭാഗമാണ് ഇടിച്ചത്. വണ്ടി ഇടിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കൂടെയുണ്ടായിരുന്ന ആളോട് ഞാന്‍ ചാടിക്കോളാന്‍ പറഞ്ഞു. തനിക്ക് പിടികിട്ടിയത് ചെമ്പരത്തിയുടെ കമ്പാണ്. അങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ടയാള്‍ പറഞ്ഞു. 6006 എന്ന നമ്പറുള്ള വണ്ടി ഷോണ്‍ ആണ് ഓടിച്ചത്. പ്രവര്‍ത്തകര്‍ അക്കാര്യം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications