വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍; കോട്ടയത്തെ കോണ്‍ഗ്രസില്‍ പുതിയ വിവാദം
കോട്ടയം: ഇടവേളക്ക് ശേഷം കോട്ടയത്തെ കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷനും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വന്തം വീട്ടില്‍ ഗ്രൂപ്പ് യോഗം വിളിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. തിങ്കളാഴ്ച വൈകീട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ വീട്ടില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്നു എന്നാണ് ആരോപണം.
എന്നാല്‍ ഇത് തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ രംഗത്തെത്തി. തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 'ഗ്രൂപ്പ് യോഗം നടന്നതായി പറയുന്ന സമയത്ത് താനും ഭാര്യയും കുമാരനെല്ലൂര്‍ ക്ഷേത്രത്തിലായിരുന്നു. പ്രചാരണത്തിന് പിന്നിലുള്ളവരെ അറിയാം. എന്റെ വീട്ടില്‍ ഇന്ന് വരെ ഇത്തരം ഗ്രൂപ്പ് യോഗം നടന്നിട്ടില്ല,' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന് എതിരായ സമരങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ചുമത്തിയ കേസുകളുടെ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ നടന്ന യോഗത്തെ എതിര്‍ വിഭാഗം ഗ്രൂപ്പു യോഗമായി ചിത്രീകരിക്കുകയായിരുന്നു എന്നാണ് തിരുവഞ്ചൂര്‍ അനുകൂലികള്‍ പറയുന്നത്. അതേസമയം ഇക്കാര്യം തള്ളി ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്തെത്തി. രാഷ്ട്രീയമായി തിരുവഞ്ചൂരിന്റെ എതിര്‍ചേരിയിലാണ് നാട്ടകം സുരേഷ്.
എന്നിരുന്നാലും വിവാദം അടക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എല്ലാവരും കെ സി വേണുഗോപാലിന്റെ അനുയായികളാണെന്നും ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു. കോട്ടയത്ത് പാര്‍ട്ടിയില്‍ യാതൊരു വിഭാഗീയതയും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് പലതായി പിരിഞ്ഞിരുന്നു.
നിലവില്‍ തിരുവഞ്ചൂര്‍ അനുകൂലികള്‍ പാര്‍ട്ടിയിലെ കെ സി വേണുഗോപാല്‍ പക്ഷത്തിനൊപ്പമാണ്. ഇത് കൂടി പരോക്ഷമായി സൂചിപ്പിച്ചാണ് മുനവെച്ചുള്ള നാട്ടകം സുരേഷിന്റെ പ്രതികരണം. അതേസമയം അച്ചടക്ക സമിതി അധ്യക്ഷന്‍ തന്നെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ രംഗത്തു വന്നത്.
നേരത്തെ കൊച്ചിയില്‍ ഗ്രൂപ്പ് യോഗം വിളിച്ച ബെന്നി ബഹനാന്‍ എം പിക്കെതിരായ പരാതി അച്ചടക്ക സമിതി പരിഗണിക്കാനിരിക്കെയാണ് വിവാദം ഉയര്‍ന്നത്. എന്നാല്‍ അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചാണ് ഇപ്പോള്‍ അനാവശ്യ വിവാദം ഉയര്‍ത്തുന്നത് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.












Click it and Unblock the Notifications