മുനിസിപ്പാലിറ്റികൾ പോയാലും കോട്ടയത്ത് എൽഡിഎഫ് ശക്തം; പാലായിലെ ചരിത്രം മാത്രമല്ല, ജില്ലയുടെ ചരിത്രവും തിരുത്തി
കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ശക്തമായ മുന്നേറ്റമാണ് സൃഷ്ടിച്ചത്. എന്നാല്‍ ആറ് നഗരസഭകളില്‍ അഞ്ചിലും ഭരണം സ്വന്തമാക്കിയത് യുഡിഎഫ് ആണ്. ഒരു നഗരസഭയില്‍ മാത്രമായി ഇടതുമുന്നണി ഒതുങ്ങി.
എന്നാല്‍ ഈ കണക്കുകൊണ്ട് യുഡിഎഫിന് ആശ്വസിക്കാനുള്ള വകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഞ്ചായത്തുകളില്‍ ഭൂരിപക്ഷവും സ്വന്തമാക്കിയത് എല്‍ഡിഎഫ് തന്നെയാണ്. ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫിന്റെ അപ്രമാദിത്തം തന്നെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടത്. പരിശോധിക്കാം...

വന്‍ കുതിപ്പ്
2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കോട്ടയത്ത് ആകെ ലഭിച്ചത് 13 ഗ്രാമപ്പഞ്ചായത്തുകള്‍ ആയിരുന്നു. 2015 എത്തിയപ്പോള്‍ അത് 23 ആയി വര്‍ദ്ധിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് 39 ആയി ഉയര്‍ന്നു. ആറിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.

മൂന്നിരട്ടി നേട്ടം
പത്ത് വര്‍ഷം കൊണ്ട് കോട്ടയം ജില്ലയില്‍ എല്‍ഡിഎഫ് മൂന്നിരട്ടി നേട്ടമാണ് സ്വന്തമാക്കിയത്. അതിന് വഴിവച്ചത് ജോസ് കെ മാണിയുടെ വരവാണ് എന്നതില്‍ തര്‍ക്കമൊന്നുമില്ല. അതോടുകൂടി കോട്ടയത്തെ യുഡിഎഫ് അപ്രമാദിത്തത്തിനും അവസാനമായിരിക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്തുകള്‍
11 ബ്ലോക്ക് പഞ്ചായത്തുകളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. അതില്‍ 10 എണ്ണത്തിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. രാഷ്ട്രീയ വോട്ടുകളായി കണക്കാക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വോട്ടുകള്‍ എല്‍ഡിഎഫിലേക്കെത്തി എന്നത് തന്നെയാണ് അവര്‍ പ്രധാനമായും പരിഗണിക്കുന്ന കാര്യം.

ജില്ലാ പഞ്ചായത്തും
കോട്ടയം ജില്ലാ പഞ്ചായത്ത് എക്കാലത്തും യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. ഇതേ ജില്ലാ പഞ്ചായത്തിനെ ചൊല്ലിയാണ് ജോസ് കെ മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയതും. 22 ല്‍ 14 ഉം വിജയിച്ചാണ് ഇത്തവണ എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

മുനിസിപ്പാലിറ്റികളില്‍ നഷ്ടം
കഴിഞ്ഞ തവണ രണ്ട് മുനിസിപ്പാലിറ്റികളില്‍ ആയിരുന്നു എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നത്- ഈരാറ്റുപേട്ടയിലും വൈക്കത്തും. എന്നാല്‍ ഇത്തവണ ഈ രണ്ട് മുനിസിപ്പാലിറ്റികളിലും ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പാലാ മുനിസിപ്പാലിറ്റി ചരിത്രത്തിലാദ്യമായി പിടിച്ചെടുത്തതാണ് എല്‍ഡിഎഫിന്റെ പ്രധാന നേട്ടം.

ഭരണത്തില്‍ എത്തിയെങ്കിലും
യുഡിഎഫ് ആറില്‍ അഞ്ചിടത്തും ഭരണത്തിലെത്തിയെങ്കിലും വോട്ട് കണക്കില്‍ എല്‍ഡിഎഫ് പിറകിലല്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കോട്ടയത്ത് തുല്യനിലയിലായതിനെ തുടര്‍ന്ന് നറുക്കെടുപ്പിലായിരുന്നു ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഏറ്റുമാനൂരില്‍ സ്വതന്ത്രരുടെ പിന്തുണയോടെ ആണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ചങ്ങനാശേരിയില്‍ സ്വതന്ത്രയ്ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

വൈക്കത്തും ഈരാറ്റുപേട്ടയിലും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈക്കം, ഈരാറ്റുപേട്ട നഗരസഭകളില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഇത്തവണ രണ്ടിടത്തും യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം.

പുതുപ്പള്ളി വരെ വീണു
കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഏറ്റവും ആശങ്കയിലാക്കുന്നത് പുതുപ്പള്ളി പഞ്ചായത്തിലും പുതുപ്പള്ളി മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റം ആണ്. ജോസ് കെ മാണിയുടെ വോട്ടുകൊണ്ട് മാത്രം ഇത്രയും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video

നിയമസഭയില്‍ ആവര്‍ത്തിക്കുമോ?
തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭയിലും എല്‍ഡിഎഫ് ആവര്‍ത്തിക്കുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ വോട്ട് നില നോക്കിയാല്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും എല്‍ഡിഎഫ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ ആവില്ല നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ എന്ന വിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications