നടന്നത് സമാനതകളില്ലാത്ത ക്രൂരത; ചിതറി വീണത് ഒരു വിദ്യാർത്ഥിയുടെ ചുടു ചോര: മാണി സി കാപ്പന്‍
കോട്ടയം: പാലാ സെൻറ് തോമസ് കോളേജില്‍ നടന്ന ദാരുണമായ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പാലാ എംഎല്‍എ മാണി സി കാപ്പന്‍. ഇന്നു നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. സഹപാഠികളിൽ ഒരാൾ മറ്റൊരാളെ ക്രൂരമായി കൊലപ്പെടുത്തുന്നു. ആ കലാലയ മുറ്റത്ത് ചിതറി വീണത് ഒരു വിദ്യാർത്ഥിയുടെ ചുടു ചോരയാണ്. പൊലിഞ്ഞു വീണത് ഒരു ജീവനാണ്. ഈ കുറിപ്പ് പങ്കുവയ്ക്കുമ്പോൾ എൻറെ ചിന്തകൾ മരണപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് ഐക്യദാർഢ്യപെടുന്നു. അവരുടെ വേദനയിൽ, സഹപാഠികളുടെ വേദനയിൽ, അധ്യാപകരുടെ വേദനയിൽ ഐക്യപ്പെട്ടു കൊണ്ട് ആ കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് പറയുമ്പോൾതന്നെ സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥി സമൂഹം ഒരുമയോടെ ഓർത്തെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ കൂടി പങ്കു വയ്ക്കുകയാണ്. കേരളത്തിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, ആതുരസേവന, ഭരണ നിർവഹണ രംഗങ്ങളിൽ കഴിവുറ്റ പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് സെൻറ് തോമസ്. വിദ്യാഭ്യാസ മികവിൽ മാത്രമല്ല കലാ സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിലും സുവർണ്ണലിപികളിൽ രചിക്കപ്പെട്ടതാണ് ഈ കലാലയത്തിൻറെ നാമധേയമെന്നും മാണി സി കാപ്പന്‍ കുറിക്കുന്നു.

ഒരു അഖിലേന്ത്യ വോളിബോൾ ടൂർണമെൻറ് ചരിത്രത്തിൽ ആദ്യമായി വിജയിച്ച കോളേജ് ടീമാണ് ഈ കലാലയത്തിലേത്. ഇവിടെ വിദ്യാർത്ഥിയായിരിക്കുമ്പോൾ ആണ് രാജ്യത്ത് തന്നെ പരമോന്നതമായ സ്പോർട്സ് പുരസ്കാരങ്ങളിൽ ഒന്നായ അർജുന അവാർഡ് ജേതാവ് ആകുവാൻ ജിമ്മി ജോർജിന് ഭാഗ്യം ലഭിച്ചത്. അന്താരാഷ്ട്ര രംഗത്ത് പ്രതിഭ തെളിയിച്ച വോളിബോൾ നീന്തൽ താരങ്ങൾ ഈ കോളേജ് രാജ്യത്തിന് നൽകിയ സമ്മാനമാണ്. എല്ലാ വിദ്യാലയങ്ങളിലും ഉള്ളതുപോലെ വിദ്യാർത്ഥികൾ തമ്മിലുള്ള നിർദോഷകരമായ രാഷ്ട്രീയ അരാഷ്ട്രീയ തർക്കങ്ങൾ, പിണക്കങ്ങളുമെല്ലാം ഈ കലാലയത്തിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ഒരു വിദ്യാർഥിയുടെ ജീവനാണ് ഇന്നിവിടെ പൊലിഞ്ഞത്.
നമ്മുടെ കാഴ്ചപ്പാടുകൾ, മനോവിചാരങ്ങൾ, സഹിഷ്ണുത, പാരസ്പര്യ എല്ലാം ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ. കോളേജ് വിദ്യാർത്ഥികളായ എൻറെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓർക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്. ഈ സംസ്കാരത്തിന്, ഇത്തരം തെറ്റായ പ്രവണതകൾക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം. ഇത്തരം ഭീകരമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകൾ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നത്. അതിനായി നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാവും എന്ന് വാക്ക് തരികയാണ്.
ഈ കലാലയത്തിൽ വിദ്യാർഥി ആകുവാൻ ഭാഗ്യം ലഭിച്ചില്ല എന്ന ഒരു സ്വകാര്യദുഃഖം ജീവിതത്തിൽ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാൻ. ശാന്തിയും സമാധാനവും സഹവർത്തിത്വവും വിജയങ്ങളും, അഭിമാന നേട്ടങ്ങളും കൈവരിച്ച് ഈ ഞെട്ടലിൽ നിന്നും, ഈ കലാലയത്തെ തിരികെ പിടിക്കാൻ നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, വല്ലാത്ത നടുക്കത്തോടെയും അവിശ്വസനീയതയോടുമാണ് മധ്യകേരളത്തിലെ പ്രശസ്തകലാലയത്തിലെ സംഭവം കേട്ടതെന്നായിരുന്നു കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ പ്രതികരണം. സൗഹൃദത്തിന്റെ വസന്തമാണ് കലാലയ കാമ്പസുകളില്‍ വിടരേണ്ടത്. അവിടെ അശാന്തിയുടെയും അസമാധാനത്തിന്റെയും തേങ്ങലുകളുകയുരുക എന്നത്് അതീവ ദു:ഖകരമാണ്.
സമീപകാലത്ത് ഇത്തരത്തിലുളള സംഭവങ്ങള്‍ സമൂഹത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് കലാലയത്തിന്റെ പരിപാവനമായ അന്തരീഷത്തിലേക്ക് കടന്നുവെന്നതാണ് മനസിനെ പിടിച്ചുലയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോതമംഗലത്തെ ഹോസ്റ്റലില്‍ പകയുടെ വെടിയുതിര്‍ന്നതും മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതും സ്വയം വെടിവച്ചു മരിക്കുന്നതും നാം കണ്ടു. ഇനി ഇത്തരത്തൊന്നു സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു കേരളം . കഴിഞ്ഞ ജൂലൈയില്‍ 25 കാരന്‍ താന്‍ ഇഷ്ടപ്പെട്ട കുട്ടിയെ അഗ്നിക്കിരയാക്കാന്‍ ശ്രമിക്കുന്നതിനും സാക്ഷിയായി. സ്വന്തം ദേഹത്ത് തീ കൊളുത്തിയ ശേഷം കുട്ടിയെ ചേര്‍ത്തു പിടിക്കുകയായിരുന്നു. ജീവനൊടുക്കലും ജീവനെടുക്കലുമായിരുന്നു ലക്ഷ്യം.
കോട്ടയം ജില്ലയുടെ എറണാകുളം അതിര്‍ത്തി പങ്കിടുന്ന ഗ്രാമത്തിലും പെണ്‍കുട്ടി ആക്രമിക്കപ്പെട്ടു. സ്നേഹം മധുരിക്കാത്ത അവസ്ഥയിലേക്കു കേരളം മാറുന്നുവെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. 2017 മുതല്‍ 2020 വരെ പ്രണയിച്ചതിന്റെയും പ്രണയം നിരസിച്ചതിന്റെയും പേരില്‍ 350 വനിതകള്‍ക്കോളം ജീവന്‍ നഷ്ടമായെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലോകം അടച്ചുപൂട്ടിയിരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ കലാലയത്തിന്റെ വാതിലുകള്‍ മെല്ലെ തുറന്നുവരുന്നതേയുള്ളൂ. അതിനിടയിലാണ് പാലാ സെന്റ് തോമസ് കോളജിലെ സംഭവം. സഹപാഠിയുടെ പ്രതികാരത്തിന്റെ കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെടുക എന്നത് സങ്കല്‍പ്പിക്കാനാവാത്ത ഒന്നാണ്.
നൈരാശ്യം തീര്‍ക്കാന്‍ മാരകായുധങ്ങള്‍ എടുത്ത് ചോര കൊണ്ടു പ്രതികാരം തീര്‍ക്കുന്നത് സാക്ഷര കൈരളിയുടെ മനസിലെ മായാത്ത മുറിപ്പാടാണ്. സുരക്ഷിതരായി കടന്നുവരാനും പഠിക്കാനുമുളള അന്തരീഷമാണ് കലാലയങ്ങളില്‍ സൃഷ്ടിക്കപ്പെടേണ്ടത്.അതിന് അവസരമൊരുക്കുക എന്നത് അക്ഷരത്തെ സ്‌നേഹിക്കുന്ന, ഉദാത്തമായ മലയാളി സംസ്‌കാരത്തെ മാനിക്കുന്ന എല്ലാവരുടെയും കടമയും ഉത്തരവാദിത്വവുമാണ്. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ലോകമാതൃകയായ രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിന തലേന്നാണ് കാമ്പസില്‍ ഇത്തരത്തില്‍ അശാന്തി പടര്‍ന്നതെന്നത് ഏറെ ആശങ്ക പടരുന്നു.
ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് സ്വദേശി നിതിനമോള്‍ കളപ്പുരയ്ക്കലിനാണ് ജീവന്‍ നഷ്ടമായത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രകാശ ഗോപുരമായ പാലാ സെന്റ് തോമസ് കോളജിലെ പ്രതീക്ഷാ നാളമായിരുന്ന നിതിനമോളുടെ വേര്‍പാടില്‍. അണപൊട്ടിയൊഴുകുന്ന ദു:ഖത്തിലായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. പകയുടെ ചോരപ്പാടുകള്‍ പൊടിയാതിരിക്കട്ടെ... സൗഹൃദത്തിന്റെ മലര്‍വാടിയാകട്ടെ കലാലയങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications