4 വര്‍ഷത്തെ പ്രണയവും വരന്‍റെ വീട്ടില്‍ ഒന്നര മാസം ക്വാറന്‍റീനും;ഒടുവില്‍ ഉജ്ജ്വലിനും ഹേതലിനും വിവാഹം
കോഴിക്കോട്: നാല് വര്‍ഷത്തെ പ്രണയത്തിനും ഒന്നരമാസത്തെ കോവിഡ് ക്വാറന്‍റൈനും ശേഷം ഉജ്ജ്വൽ രാജിനും ഹേതൽ മോദിക്കും വിവാഹം. കുണ്ടൂപ്പറമ്പ് 'ഉജ്ജ്വൽകൃഷ്ണ'യിൽ രാജൻ പുത്തൻപുരയിലിന്റെയും അനിത രാജന്റെയും മകൻ ഉജ്ജ്വൽ രാജിന്റെയും മുംബൈ സ്വദേശിനി ഹേതൽ മോദിയുടെയും വിവാഹമാണ് കോവിഡ‍് മുന്‍കരുതല്‍ നിര്‍ദേശം പാലിച്ചു കൊണ്ട് വെള്ളിയാഴ്ച നടന്നത്.
ഓസ്ട്രേലിയയിലെ സ്വകാര്യ കമ്പനിയിലില്‍ ജോലി ചെയ്യുന്ന ഉജ്ജ്വലും മുംബൈയിൽ സ്വകാര്യ കമ്പനിയുടെ ഐടി മാനേജരായ ഹേതലും 2015-16 വർഷത്തിൽ യുകെയിൽ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പ്രണയത്തിലാവുന്നത്. ഏപ്രില്‍ 5 ന് പുറക്കാട്ടിരി ഹില്‍ടോപ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ആയിരത്തോളം പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ഒരാഴ്ച മുമ്പു മാത്രം നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരുന്ന ഉജ്ജ്വല്‍ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് എത്തുകയായിരുന്നു.
ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം 14 ദിവം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. വധു മുംബൈയില്‍ നിന്ന് വരുന്നത് ആയതിനാല്‍ അവരും ക്വാറന്‍റൈനില്‍ പ്രവേശിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. തുടർന്നു വിവാഹത്തലേന്ന് ക്വാറന്റീൻ അവസാനിക്കുന്ന രീതിയിൽ ഹേതലിന്റെ യാത്രാസമയം ക്രമീകരിച്ചു. മാർച്ച് 23ന് വധു ഹേതൽ മോദിയും അമ്മ ചേതനാ മോദിയും കോഴിക്കോട്ടെത്തി.
പിന്നീടാണ് വിദേശത്തുനിന്നു വന്നതിനാൽ ഉജ്ജ്വലിന്റെ 14 ദിവസത്തെ ക്വാറന്റീൻ 28 ദിവസമാക്കി മാറ്റിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അതോടെ ഏപ്രില്‍ 5 ന് വിവാഹം നടന്നില്ല. പിന്നീട് ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ വെള്ളിയാഴ്ച 15 പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഉജ്ജ്വൽ ഹേതലിനു താലി ചാർത്തുകയായിരുന്നു.
പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; വീതം വെപ്പില്ല, ഇനി സര്‍വ്വെ, മുന്നിലെ സുവര്‍ണ്ണാവസരം പാഴാക്കില്ല