ജാമ്യം അംഗീകരിക്കാന്‍ തയ്യാറായില്ല; മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു റിമാന്‍ഡില്‍
കോഴിക്കോട്: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കു മുമ്പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗ തടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പൊലീസ് 94 കാരനായ ഗ്രോ വാസുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിമാന്‍ഡ് ചെയ്ത ഗ്രോ വാസുവിനെ കോഴിക്കോട് പുതിയറ സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 2016 ലെ നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതാണ് കേസിനാസ്പദമായ സംഭവം. ഗ്രോ വാസുവിനെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയിരുന്നു. 10000 രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ല.

വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെയല്ല ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്നായിരുന്നു ഗ്രോ വാസു കോടതിയെ അറിയിച്ചത്. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് എല്‍ പി വാറണ്ട് നിലവിലുണ്ടായിരുന്നു എന്നും എന്നാല്‍ പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പറഞ്ഞതായും പൊലീസ് പറയുന്നു. മജിസ്ട്രേറ്റ് ഗ്രോ വാസുവിനെ സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയാറായില്ല.
മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഭരണകൂടത്തോടുള്ള പ്രതിഷേധമായതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവെക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ഗ്രോ വാസു സ്വീകരിച്ചത്.












Click it and Unblock the Notifications