കോഴിക്കോട്ട് നാടിളക്കി രാഘവൻ; ആവേശ പര്യടനം, പ്രചരണത്തിന് ചുക്കാൻ പിടിക്കാൻ മുല്ലപ്പള്ളി രാമടചന്ദ്രനും!!
കോഴിക്കോട്: വോട്ടർമാരിൽ ആവേശം നിറച്ച് കോഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പു പര്യടനം. വെള്ളിയാഴ്ച എലത്തൂർ മണ്ഡലത്തിലായിരുന്നു പര്യടനം. ഉദ്ഘാടനത്തിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ എത്തിയത് പ്രവർത്തകർക്ക് ആവേശമായി. ഉദ്ഘാടന വേദിയായ ചെറുവറ്റയിലേക്ക് ആദ്യം മുല്ലപ്പള്ളിയും പിന്നാലെ സ്ഥാനാർഥി രാഘവനുമെത്തി.
മഹാരാഷ്ട്ര കോൺഗ്രസിൽ കലാപക്കൊടി; അശോക് ചവാന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധം
കടകളിൽ കയറിയും കവലയിൽ കൂടിനിന്നവരോടും വോട്ടു ചോദിച്ച് സ്ഥാനാർഥി. വേദിയിൽ ഡിസിസി മുൻപ്രസിഡന്റ് കെ.സി അബുവിന്റെ സരസമായ സംസാരം. വയനാട് വിഷയത്തിൽ പ്രതികരിക്കാൻ മുല്ലപ്പള്ളി മാധ്യമങ്ങൾക്കു മുന്നിൽ. തുടർന്ന് തന്റെ പഴയകാല നേട്ടങ്ങൾ ജനങ്ങൾക്കു മുന്നിൽ വെച്ച് സ്ഥാനാർഥി എം.കെ രാഘവൻ. കഴിഞ്ഞ 10 വർഷങ്ങളിലും നിങ്ങൾക്കൊപ്പമായിരുന്നെന്നും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ പാകത്തിൽ ഓഫിസ് തുറന്നുവെച്ചിരുന്നുവെന്നും അദ്ദേഹം ചാരിതാർഥ്യത്തോടെ പറഞ്ഞു.
തുടർന്ന് മുല്ലപ്പള്ളിയുടെ ഊഴം. കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചും കേരളം കേന്ദ്രവുമായി കളിക്കുന്ന ഒത്തുകളി രാഷ്ട്രീയത്തിലേക്ക് വിരൽചൂണ്ടിയും മുല്ലപ്പള്ളിയുടെ അരമണിക്കൂർ പ്രസംഗം. ഭക്ഷണപാത്രത്തിലേക്കു വരെ ഒളിഞ്ഞുനോക്കുന്ന കേന്ദ്രഭരണകക്ഷിയെ രാജ്യമാകെ കോൺഗ്രസ് നേരിടുമ്പോൾ ഇടതുപക്ഷം കാഴ്ചക്കാർ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഡിവൈഎഫ്ഐ പ്രസ്ഥാനത്തെ ഉപേക്ഷിച്ച് കോൺഗ്രസിലെത്തിയ കെ. ബിജുവിനെ മുല്ലപ്പള്ളി ഷാൾ അണിയിച്ചു സ്വീകരിച്ചപ്പോൾ സദസിൽ നീണ്ട കരഘോഷം. കോണോട്ട് ആയിരുന്നു അടുത്ത സ്വീകരണ കേന്ദ്രം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേർ ഇവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളെക്കുറിച്ചു വാചാലനായ ശേഷം ഇവിടെ നിന്നും പയമ്പ്രയിലേക്ക്.
സ്കൂളിലും കവലയിലും വോട്ടു ചോദിച്ച് ചാലില്‍ താഴത്തേക്കും തുടർന്ന് കരുവത്ത് താഴത്തേക്കും ശേഷം പാലത്തെ സ്വീകരണ കേന്ദ്രത്തിലേക്കും. പിന്നീട് നന്മണ്ട 8/2 ൽനിന്ന് പുതിയേടത്ത് താഴത്തേക്ക്. ഇവിടെ ചേളന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. ഭരതന്റെ വീട്ടിൽ നിന്ന് ഭക്ഷണവും അൽപ്പനേരം വിശ്രമവും.
ഷെഡ്യൂൾ പ്രകാരം അടുത്തത് ഈന്താട് ആണെങ്കിലും ഇടവേളയിൽ നൻമണ്ട ഹയർ സെക്കൻഡറിയിലേക്ക്. അവിടെ അധ്യാപകരെ കണ്ട് വോട്ടു ചോദിച്ച് തിരികെ വരുന്ന വഴി ജ്ഞാനപ്രദായനി എൽപി സ്കൂൾ വാർഷികം കണ്ടു. സ്കൂളിൽ കയറിയ സ്ഥാനാർഥിക്ക് ഉജ്ജ്വല സ്വീകരണം. വാർഷികത്തിന് കുട്ടികൾക്കൊപ്പം സ്കൂളിലെത്തിയ രക്ഷിതാക്കൾ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ചു. അടുത്തത് ഈന്താട്.
ഊഷ്മളമായ സ്വീകരണ ശേഷം ഈന്താട് എഎൽപി സ്കൂൾ വാർഷിക വേദിയിലേക്ക്. തുടർന്ന് പി സി പാലം, കുട്ടമ്പൂര്‍, 11/4 , നന്മണ്ട 12, കള്ളങ്ങാടി താഴം , കുളത്തൂര്‍ നോര്‍ത്ത്, സൈഫണ്‍, പുനത്തില്‍ താഴം, വി കെ റോഡ്, മൊകവൂര്‍ , പുത്തൂര്‍, കണ്ടംകുളങ്ങര, പുതിയ നിരത്ത്, കൊട്ടേടത്ത് ബസാര്‍ വഴി കമ്പിവളപ്പിൽ എത്തുമ്പോഴേക്കും നേരമിരുട്ടി. തുടർന്ന് കമ്പിവളപ്പിൽ സമാപനം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിൻ ഹാജി ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിൽ അക്കിനാരി മുഹമ്മദ്, ടി.കെ രാജേന്ദ്രൻ മാസ്റ്റർ, മലയിൽ അബ്ദുല്ലക്കോയ, നാസർ എസ്റ്റേറ്റ് മുക്ക്, ഒ.പി നസീർ, പി. അബ്ദുൽ ഹമീദ്, എം.ടി ഗഫൂർ മാസ്റ്റർ, കെ. മോഹനൻ, കെ.ടി ശ്രീനിവാസൻ, അഹമ്മദ് കളരിത്തറ, സൗദ ഹസൻ, ഗൗരി പുതിയേടത്ത്, എ.സി മുഹമ്മദ്, കെ.സി ചന്ദ്രൻ, അബ്ദുൽ സമദ്, അറോട്ടിൽ കിഷോർ, ജാഫർ ചെറുകുളം, ബിജേഷ് കക്കോടി, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ശരീഫ് കുന്നത്ത്, പി. ശ്രീധരൻ മാസ്റ്റർ, പി. ഭരതൻ, ജിതേന്ദ്രൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.