റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച കേസ്: ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
കോഴിക്കോട്: റിസോർട്ട് ഉടമയുടെ നഗ്നചിത്രങ്ങൾ ബലമായി പകർത്തുകയും ഇവ കാണിച്ചു ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവതി പിടിയിലായി. തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇടിവഴിക്കൽ വീട്ടിൽ ഷമീന (27) ആണ് കൊടുങ്ങല്ലൂരിൽ വെച്ച് പിടിയിലായത്. കൊടുങ്ങല്ലൂർ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് തിരുവമ്പാടി പോലീസാണ് പ്രതിയെ പിടികൂടിയത്.
കേസിലെ പ്രധാന പ്രതികളായ കൂമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ് എന്നിവർ കഴിഞ്ഞ മാസം പിടിയിലായിരുന്നു. തിരുവമ്പാടി സ്വദേശിയായ റിസോർട്ട് ഉടമയാണ് കേസിലെ പരാതിക്കാരൻ. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ റിസോർട്ട് ഡോണും ജോർജും വാടകയ്‌ക്കെടുക്കുകയായിരുന്നു. തുടർന്ന് ഉടമയെ ഇവിടേക്ക് വിളിച്ചു വരുത്തി ഷമീനയോടൊപ്പം നിർത്തി ഫോട്ടോയും വീഡിയോയുമെടുത്തു.
ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ആദ്യം 40,000 രൂപ വാങ്ങുകയും ചെയ്തു. തുടർന്ന് വീണ്ടും അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതോടെ റിസോർട്ട് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഷമീനയുടെ പേരിൽ സമാന സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലുർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ പരാതിയുണ്ടന്ന് പോലീസ് പറഞ്ഞു. കക്കാടംപൊയിലിലെ സംഭവത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഷമീനയെന്നും പോലീസ് പറഞ്ഞു.
ഡി വൈ എസ്പിയുടെ നിർദേശപ്രകാരം തിരുവമ്പാടി എസ്‌ഐ സദാനന്ദൻ, സ്വപ്‌നേഷ്, സ്വപ്ന, ജദീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അനീഷിനെ ഇനിയും പിടികൂടാനുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കുമെന്ന് പോലീസ് പറഞ്ഞു