കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിത സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകം നടന്ന വാര്‍ഡില്‍ നിന്നാണ് ഗുരുതര വീഴ്ച സംഭവിച്ചത്. അന്തേവാസിയായ വനിത ചുമര് തുരന്ന് ചാടിപ്പോകുകയായിരുന്നു. കൊലപാതകം നടന്ന വാര്‍ഡില്‍ നിന്ന് തന്നെ സ്ത്രീ ചാടിപ്പോയത് ഗുരുതരമായ സുരക്ഷ വീഴ്ചയാണെന്നാണ് വ്യക്തമാക്കുന്നത്. മറ്റൊരു വാര്‍ഡില്‍ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.

പഴയ കെട്ടിടത്തിന്റെ ചുമര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്നനിലയിലായിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയോടെയാണ് സംഭവം. രാവിലെ എഴ് മണിയോടെ കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷന്‍ ചാടിപ്പോയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണല്‍ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡിഎം ഒ യുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് ഇന്ന് കൈമാറും.
അതേസമയം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ സംഭവങ്ങളില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവത്ക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീസൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. കെ.എസ്. ഷിനു, ഡോ. ജഗദീശന്‍, മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. കിരണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications