ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചു, കേസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് പോയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ കേസ്. യുവാക്കള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴികളെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. പീഡിപ്പിക്കാന്‍ ശ്രമിച്ചതിനോടൊപ്പം യുവാക്കള്‍ തങ്ങള്‍ക്ക് മദ്യം നല്‍കിയെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ കേസില്‍ പ്രതികളാവും.

പോക്സോ വകുപ്പുകള്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ ചേര്‍ത്തായിരിക്കും യുവാക്കള്‍ക്കെതിരേ കേസെടുക്കുക. കുട്ടികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ ആയിരുന്നു ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. ആഘോഷങ്ങളില്‍ പങ്കെടുത്ത ശഷം ഇവര്‍ അടുക്കള ഭാഗം വഴി കടന്നുകളയുകയായിരുന്നു. അടുക്കള കെട്ടിടത്തിന് മുകളില്‍ കോണി വെച്ച് താഴേക്ക് ഇറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
പിന്നീട് ഇവരെ ബെംഗളൂരുവില്‍ എത്തിയതായിരുന്നു കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബെംഗളൂരൂവിലെ മടിവാളയില്‍ മുറി ബുക്ക് ചെയ്തത് ഈ യുവാക്കളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മടിവാളയില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. ബാക്കി അഞ്ച് പേര്‍ പൊലീസെത്തുമ്പോഴേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരില്‍ ഒരാളെ മാണ്ഡ്യയില്‍ വെച്ചും കണ്ടെത്തി. ബാക്കി നാല് പേരെ വെള്ളിയാഴ്ച മലപ്പുറം എടക്കരയില്‍ വെച്ചും പൊലീസ് പിടികൂടി.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് ബസില്‍ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തുവെന്നാണ് കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴി. കസ്റ്റഡിയിലുള്ള യുവാക്കളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്‍ അറിയിച്ചു. അതേസമയം ആറു കുട്ടികളില്‍ ഒരാളെ വീട്ടുകാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്ക് തിരിച്ചുപോകില്ലെന്നും തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് പഠിക്കാന്‍ സൗകര്യം ഒരുക്കിത്തരണമെന്നും ആവശ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ രണ്ട് തവണയായി ഈ യുവാക്കള്‍ പണം ഗൂഗിള്‍ പേ വഴി കൈമാറിയെന്ന് വിവരം നേരത്തെ പുറത്തായിരുന്നു. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തിറങ്ങിയ കുട്ടികള്‍ ആദ്യം കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലണ് എത്തിയത്. അവിടെ നിന്നും ഒരു ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നും 500 രൂപ വാങ്ങിച്ചിരുന്നു. പിന്നീട് യുവാക്കളിലൊരാളെ വിളിച്ച് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ തിരികെ അയച്ചു നല്‍കുകയായിരുന്നു. ഇങ്ങനെയാണ് ബസ് യാത്രക്കുള്ള പണം കണ്ടെത്തിയത്. കെ എസ് ആര്‍ ടി സി കണ്ടക്ടറോടും ഇത്തരത്തില്‍ പണം വാങ്ങി പിന്നീട് അയച്ചുകൊടുക്കുകയായിരുന്നു.
ബസ് ടിക്കറ്റ് എടുത്ത ബാക്കി തുക കൊണ്ട് ബെംഗളൂരുവിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയതോടെ ടി ടി ആര്‍ വഴിയില്‍ ഇറക്കി വിട്ടു. മറ്റൊരു ട്രെയിനില്‍ കയറിയാണ് ഇവര്‍ മടിവാളയിലെത്തിയത്.












Click it and Unblock the Notifications