ജാഗ്രതയുണ്ടെങ്കില്‍ പെരിന്തല്‍മണ്ണ പിടിക്കാമായിരുന്നു; പൊന്നാനി ഞെട്ടിച്ചു; വിശദീകരണം തേടി സിപിഎം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇത്തവണ സിപിഎം വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ തവണ ലഭിച്ച അതേ സീറ്റുകള്‍ നിലനിര്‍ത്താന്‍ മാത്രമായിരുന്നു സാധിച്ചത്. ആകെ 16 മണ്ഡലങ്ങളുള്ള ജില്ലയില്‍ നിലമ്പൂര്‍, തവനൂര്‍, താനൂര്‍, പൊന്നാനി സീറ്റുകളാണ് ഇടതുമുന്നണിയുടെ കൈവശമുള്ളത്. ഇതില്‍ തന്നെ പൊന്നാനി ഒഴികേയുള്ള മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ കുറവും ഉണ്ടായി.
പെരിന്തല്‍മണ്ണയില്‍ അവസാന നിമിഷം വരെ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായെങ്കിലും 38 വോട്ടിന് പരാജയപ്പെട്ടു. ഇപ്പോഴിതാ പെരിന്തല്‍മണ്ണയിലെ തോല്‍വിയില്‍ ഉള്‍പ്പടെ ഇരുമേഖലകളിലുമുള്ള നേതാക്കളോട് സിപിഎം വിശദീകരണം തേടിയിരിക്കുകയാണ്.

പെരിന്തല്‍മണ്ണയില്‍ ഇടത് സ്ഥാനാര്‍ത്ഥി തോറ്റതിലും പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോട് അനുബന്ധിച്ച് പ്രതിഷേധ പ്രകടനം നടത്തിയതിലുമാണ് ഇരുമേഖലകളിലുമുള്ള നേതാക്കളോട് സിപിഎം അന്വേഷണ കമ്മീഷന്‍ വിശദീകരണം നടത്തിയത്. പൊന്നാനിയില്‍ പികെ സൈനബ അധ്യക്ഷയായ കമ്മീഷനും പെരിന്തല്‍മണ്ണയില്‍ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനായ സമിതിയുമായിരുന്നു അന്വേഷണം നടത്തിയത്.
മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

നേതാക്കളോട് ഒരാഴ്ചയ്ക്ക് അകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി.പി. വാസുദേവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, സി. ദിവാകരൻ എന്നിവർക്ക് ശ്രദ്ധക്കുറവുണ്ടായെന്നു പരാമർശമുണ്ട്. നേതാക്കളുടെ വിശദീകരണം ലഭിച്ചതിന് ശേഷം തുടര്‍ നടപടികളുണ്ടാവും.

പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ഇടത് സ്വന്തത്രനായി മത്സരിച്ച കെപിഎം മുസ്തഫയ്ക്ക് സാധിച്ചിരുന്നില്ല. 38 വോട്ടിനാണ് കെ.പി.എം. മുസ്തഫയെ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. നേതാക്കള്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ലീഗിന്റെ ഒരു സീറ്റ് കൂടി നേടാമായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

യുഡിഎഫ് സ്ഥാനാർഥിയായ നജീബ് കാന്തപുരത്തിന് 76,530 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെപി മുസ്തഫയ്ക്ക് 76,492 വോട്ടായിരുന്നു നേടാന്‍ സാധിച്ചത്. മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ നിർദേശം മറികടന്നാണ് ലീഗുകാരനായിരുന്ന മുസ്തഫയെ സ്ഥാനാർഥിയാക്കിയത്. അതൃപ്തിയുള്ള നേതാക്കളില്‍ ചിലര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് സംശയം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ പരസ്യ പ്രതികരണം ഗുരുതരമായ അച്ചടക്ക ലംഘനമായിട്ടാണ് കാണുന്നത്. പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയപ്പോള്‍ പൊന്നാനി ഏരിയാ നേതൃത്വം ഉള്‍പ്പടേയുള്ള കാഴ്ചക്കാരായി നോക്കി നിന്നുവെന്ന വിമര്‍ശനവും ഉണ്ടായി. പൊന്നാനി ഏരിയാസെക്രട്ടറി അഡ്വ. പികെ ഖലീമുദ്ദീൻ മുതൽ സംസ്ഥാനകമ്മിറ്റയംഗം പി. ശ്രീരാമകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് വരെ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍.

എന്നാല്‍ ഏറ്റവും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ 11 പേരോട് മാത്രമാണ് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 11 പേരില്‍ പത്ത് പേര്‍ക്കും ഇതിനോടകം നോട്ടീസ് കൈമാറി കഴിഞ്ഞു. ഒരാൾ സ്ഥലത്തില്ലാത്തതിനാൽ കൈമാറിയിട്ടില്ല. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ പരസ്യ പ്രകടനം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നത് ആശ്വാസകരമാണ്.

മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിയാണ് പി നന്ദകുമാര്‍ ഇത്തവണ വിജയിച്ചത്. 17043 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. എല്‍ഡിഎഫിന് 74,668 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഎം രോഹിത്തിന് 57,625 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. 2016 ല്‍ 15,640 വോട്ട് ഭൂരിപക്ഷമായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ മത്സരിച്ച പി ശ്രീരാമകൃഷ്ണന് ലഭിച്ചത്.












Click it and Unblock the Notifications