കോടികളുടെ തൊണ്ടിവാഹനങ്ങൾ; മലപ്പുറത്ത് നിന്ന് റെക്കോർഡ് വരുമാനം
കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേലംകൂടി കഴിഞ്ഞാൽ തുക 10 കോടി കവിയുമെന്നാണ് കമ്പനി പറയുന്നത്
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിമുതലായ കിടക്കുന്ന വാഹനങ്ങളുടെ ലേലം ആരംഭിച്ചപ്പോൾ മലപ്പുറത്ത് നിന്നും ലഭിച്ചത് റെക്കോർഡ് തുക. ആദ്യ ഘട്ടത്തിൽ കാസർഗോഡ്, തൃശ്ശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ലേലം നടന്നത്. മലപ്പുറത്ത് നിന്ന് മാത്രം 5.14 കോടി രൂപയാണ് ലേലതുകയായി ലഭിച്ചത്. 18 ശതമാനം നികുതികൂടി ഉൾപ്പെടുത്തുമ്പോൾ സർക്കാരിന്റെ വരുമാനം ആറുകോടിയിലധികം ആകുമെന്നാണ് വിലയിരുത്തൽ.

തൃശൂർ ജില്ലയിൽ 67 ലക്ഷം രൂപയും ആലപ്പുഴയിൽ 47 ലക്ഷം രൂപയുമാണ് ലേലത്തിൽ ലഭിച്ചത്. കാസർഗോഡ് 10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ ലേലം മാത്രമാണ് നടന്നിട്ടുള്ളത്. ആക്രിവില നിശ്ചയിച്ചാണ് ലേലം പുരോഗമിക്കുന്നത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആയിരകണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ കെട്ടികിടക്കുന്നത്. വാഹനം ഉടമയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന പിഴ തുകയുടെ പതിന്മടങ്ങാണ് ലേലത്തിലൂടെ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.
മൂന്നു ജില്ലകളിലും മഞ്ചേരി ആസ്ഥാനമായുള്ള റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനിയാണ് ലേലംപിടിച്ചത്. അതേസമയം മലപ്പുറത്തെ സ്റ്റേഷനുകളിൽ ലേലംചെയ്തതിലേറെ വാഹനങ്ങൾ ഇനിയും കെട്ടിക്കിടക്കുന്നുണ്ട്. മേലാറ്റൂർ, വണ്ടൂർ, നിലമ്പൂർ, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങി ഭൂരിപക്ഷം സ്റ്റേഷനുകളിലും മാർഗതടസ്സമായി ഇത്തരം വാഹനങ്ങൾ കിടക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേലംകൂടി കഴിഞ്ഞാൽ തുക 10 കോടി കവിയുമെന്നാണ് കമ്പനി പറയുന്നത്.
മണൽക്കടത്ത് സംഘത്തിന്റെ വാഹനങ്ങളാണ് ഇത്തരത്തിൽ പിടിച്ചെടുത്തവയിൽ അധികവും. മലപ്പുറത്ത് മണൽക്കടത്ത് സംഘങ്ങളുടെ സാനിധ്യം കൂടുതലായിരുന്നതാണ് വാഹനങ്ങളുടെ എണ്ണവും പെരുകാൻ കാരണം. അതേസമയം ഇത്തരത്തിൽ പിടിച്ച വാഹനങ്ങളുടെ ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണെന്ന് വാദം ഉന്നയിച്ചിരുന്നു. അതിനാൽ മണൽ വാഹനങ്ങളുടെ ലേലം തടസപ്പെട്ടിരിക്കുകയാണ്.
ടിപ്പർ ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങളാണ് ഇനിയും ലേലംചെയ്യാനുള്ളത്. മുൻകാലങ്ങളിൽ ലേലംകൊള്ളുന്നവർ സംഘംചേർന്ന് തുച്ഛമായ വിലയ്ക്ക് ലേലമെടുത്ത് വരുമാനം വീതംവെക്കുന്ന രീതിയായിരുന്നു. പുതിയ സംരംഭകർ വന്നതോടെ അതില്ലാതായി. കോടതിയിൽ വ്യവഹാരത്തിലിരിക്കുന്നതും അബ്കാരി കേസിൽപ്പെട്ട വാഹനങ്ങളും ലേലത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications