അന്ന് ജീവൻ വെടിഞ്ഞത് 35 പേർ; കാലം മായ്ക്കാത്ത ഓർമ്മകളിലൂടെ തിരൂർ റെയിൽവേ സ്റ്റേഷൻ
അന്ന് ജീവൻ വെടിഞ്ഞത് 35 പേർ; കാലം മായ്ക്കാത്ത ഓർമ്മകളിലൂടെ തിരൂർ റെയിൽവേ സ്റ്റേഷൻ
മലപ്പുറം: 1861 ലാണ് മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷൻ നിർമിച്ചത്. കേരളത്തിലെ ആദ്യ റെയിൽ വേ ലൈൻ എന്ന പ്രത്യേകയും തിരൂർ - ബേപ്പൂറിന് ആണ്. ഇതിൽ ഉൾപ്പെട്ടന്നതാണ് തിരൂർ റെയിൽവേ സ്റ്റേഷൻ. എന്നാൽ, തിരൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും വാഗൺ കൂട്ടക്കുരുതിയുടെ ഓർമകളുമായി നില കൊള്ളുന്നുണ്ട്. 1921 ലാണ് വാഗൺ ദുരന്തം നടക്കുന്നത്. സ്റ്റേഷൻ നിർമ്മിച്ച് 60 വർഷങ്ങൾക്ക് ശേഷമുളള ആ ദുരന്തത്തിന്റെ തുടക്കവും ഒടുക്കവും ഇപ്പോഴും ഇവിടെ തന്നെ ഓർമ്മയായി ഉണ്ട്.

100 പേരെ കുത്തി നിറച്ച ചരക്ക് വാഗൺ യാത്ര തുടങ്ങിയത് ഈ തിരൂർ റെയിൽവേ സ്റ്റേഷനിലാണ്. വാഗണിനകത്ത് ശ്വാസം മുട്ടി മരിച്ചവരുടെ മൃതദേഹങ്ങൾ ട്രെയിനിൽ തിരിച്ച് എത്തിയതും ഈ തിരൂർ സ്റ്റേഷനിലേക്ക് തന്നെ. വാഗൺ ട്രാജഡിയുമായി ബന്ധപ്പെട്ട ചുമർ ചിത്രങ്ങൾ 2018 നവംബറിൽ സ്റ്റേഷനിൽ വരച്ചിരുന്നു. ചരിത്ര സംഭവങ്ങൾ വരച്ച് ചേർക്കാനുള്ള റെയിൽ വേയുടെ പദ്ധതി പ്രകാരമായിരുന്നു ഇത്. എന്നാൽ വിവിധ ഇടത്തിൽ നിന്നും പരാതികൾ കിട്ടിയതോടെ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞു. ചിത്രം പൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ചിത്രങ്ങൾ മായ്ച്ചു കളഞ്ഞതും. തുടർന്ന് അടുത്തുള്ള ടൂറിസം കേന്ദ്രങ്ങളുടെ ചിത്രങ്ങൾ റെയിൽ വേ സ്റ്റേഷനിൽ ഇവിടെ സ്ഥാപിച്ചു.
വാഗൺ ദുരന്തത്തിൽ മരിച്ചവരിൽ 35 പേർ കുരുവമ്പലത്ത് നിന്നുള്ളവരും ആറ് പേർ തൊട്ടടുത്തുള്ള ചെമ്മലശ്ശേരിയിൽ നിന്നുള്ളവരും ആയിരുന്നു. ഇവരുടെ ഓർമയ്ക്കായി നിർമിച്ചതാണ് കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്മാരക മന്ദിരം. സർക്കാർ നേത്യത്വത്തിൽ സർക്കാർ തന്നെ പതിച്ചു നൽകിയ 2 സെന്റിലാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്മാരക മന്ദിരം നിർമിച്ചത്.
2 നിലകളിലായി ലൈബ്രറി, മീറ്റിങ് ഹാൾ, പി എം ഫൗണ്ടേഷൻ സാറ്റലൈറ്റ് സെന്റർ എന്നിവ ഈ മന്ദിരത്തിൽ ഉണ്ട്. താഴെ നിലയിലെ 2 കട മുറികളിൽ നിന്നുള്ള വരുമാനം മന്ദിരത്തിന്റെ നടത്തിപ്പ് ചെലവുകൾക്ക് ഉപയോഗിക്കുന്നു. 1996 ൽ വാഗൺ ട്രാജഡി സ്‌മാരകം നിർമിക്കുന്നതിന് 5 സെന്റ് അനുവദിച്ചു കിട്ടുന്നതിന് ജില്ലാ പഞ്ചായത്തംഗമായിരുന്ന സലീം കുരുവമ്പലത്തിന്റെ നേതൃത്വത്തിൽ സർക്കാരിലേക്ക് അപേക്ഷ നൽകി.
2 സെന്റ് അനുവദിച്ചെങ്കിലും അത് റവന്യു വകുപ്പിൽ നിന്നും പതിച്ചു കിട്ടുന്നതിന് വീണ്ടും 5 വർഷം വരെ കാത്തിരിക്കേണ്ടി വന്നു. 2003 ൽ ആണ് ഇതിന്റെ തറക്കല്ലിട്ടത്. 2005 ഫെബ്രുവരിയിൽ അന്നത്തെ കേന്ദ്രമന്ത്രി ഇ.അഹമ്മദ് പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിൽ സ്മാരക മന്ദിര പരിസരത്ത് വാഗൺ ട്രാജഡി സ്മാരക സമിതിയുടെ നേതൃത്വത്തിൽ വർഷം തോറും ദിനാചരണവും സെമിനാറുകളും നടത്താറുണ്ടെന്ന് സമിതി ചെയർമാൻ സലീം കുരുവമ്പലം പറഞ്ഞു.












Click it and Unblock the Notifications