'കുഞ്ഞാലിക്കുട്ടിയെ കൂട്ടിലാക്കിയ' ജലീല്‍; പുതിയ പൂട്ടുമായി ഫിറോസ്... തവനൂരില്‍ ഒഴിഞ്ഞ മതിലില്ല
തവനൂര്‍: മുസ്ലിം ലീഗുകാര്‍ക്ക് ഓര്‍ക്കുമ്പോള്‍ ഞെട്ടല്‍ വരുന്ന നിമയസഭാ തിരഞ്ഞെടുപ്പാണ് 2006ലേത്. തവനൂര്‍ മണ്ഡലം രൂപീകരിക്കപ്പെടുന്നതിന് മുമ്പ് നടന്ന ഈ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കോട്ടയില്‍ വിള്ളലുണ്ടായി. തോല്‍വി അറിഞ്ഞിട്ടില്ലാത്ത പികെ കുഞ്ഞാലിക്കുട്ടി അന്ന് ജലീലിന് മുമ്പില്‍ അടിയറവ് പറഞ്ഞു. മുസ്ലിം ലീഗ് പുറത്തിക്കിയതിന് പിന്നാലെ അവസരം മുതലെടുത്ത ഇടതുപക്ഷം ജലീലിനെ കൂടെ ചേര്‍ത്തു. കുറ്റപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.
തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍
കുഞ്ഞാലിക്കുട്ടി പുലിക്കുട്ടി എന്നായിരുന്നു അക്കാലത്ത് ലീഗുകാരുടെ മുദ്രാവാക്യം. ആ പുലിയെ കൂട്ടിലാക്കിയത് ജലീല്‍ ആണ്. എന്നാല്‍ ഇത്തവണ ജലീലിന് പൂട്ടുമായി ഫിറോസ് കുന്നംപറമ്പില്‍ മണ്ഡലം നിറയുന്നതാണ് കാഴ്ച. തവനൂരിലെ രസകരമായ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ...
Recommended Video

ചെങ്കൊടി നാട്ടിയ ജലീല്‍
മുസ്ലിം ലീഗിന്റെ പച്ചക്കൊടി മാത്രം നിറഞ്ഞുനിന്നിരുന്ന മണ്ഡലമായിരുന്നു കുറ്റിപ്പുറം. അവിടെയാണ് പാര്‍ട്ടിയിലെ ഏറ്റവും ശക്തനായ നേതാവിനെ കെടി ജലീല്‍ നിലംപരിശാക്കി ചെങ്കൊടി ഉയര്‍ത്തിയത്. 8000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജലീല്‍ ജയിച്ചപ്പോള്‍ മുസ്ലിം ലീഗുകാര്‍ അന്തംവിട്ടു.

ഭൂരിപക്ഷം കൂട്ടുന്ന മാജിക്ക്
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതായി. കുറ്റിപ്പുറത്തിന്റെ ചെറിയ ഭാഗം കോട്ടക്കല്‍ മണ്ഡലത്തിലേക്ക് മാറ്റി. വലിയൊരു ഭാഗം തവനൂര്‍ മണ്ഡലത്തിലും. തവനൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി കെടി ജലീല്‍ തന്നെ 2011ല്‍ എത്തി. ഭൂരിപക്ഷം 6854. 2016ല്‍ ജലീലിന്റെ ഭൂരിപക്ഷം 17000ത്തിലേക്ക് ഉയര്‍ന്നു.

പ്രതിരോധത്തിന്റെ 5 വര്‍ഷം
ഇക്കഴിഞ്ഞ അഞ്ചു വര്‍ഷമാണ് ജലീല്‍ ശരിക്കും പ്രതിരോധത്തിലായത്. യുഡിഎഫ് ക്യാമ്പ് ഉന്നയിച്ച പല വിവാദങ്ങളിലും ജലീലിന്റെ പേര് മുഴച്ച് നിന്നു. മാര്‍ക്ക് ദാന വിവാദം, ബന്ധുനിയമനം, മതഗ്രന്ഥം കൊണ്ടുവന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത്... തുടങ്ങിയവയിലെല്ലാം ജലീല്‍ പ്രതിക്കൂട്ടിലായിരുന്നു.

ഇഞ്ചോടിഞ്ചിലേക്ക് കളി മാറി
തൊട്ടുപിന്നാലെയാണ് കെടി ജലീലിനെതിരെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ യുഡിഎഫ് ഇറക്കിയത്. സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന മണ്ഡലം തവനൂര്‍ ആണ്. ഫിറോസും ജലീലും ഒരടി പോലും പിന്നോട്ട് വെക്കുന്നില്ല. ഫിറോസ് എത്തിയതോടെ ജലീലിന് ഈസി വാക്കോവര്‍ ഇല്ലാതായി.

വാക്, ട്രോള്‍ പോര്
ജലീലിന്റെ ഓരോ വാക്കിനും മറുപടിയുമായി ഫിറോസ് എത്തുകയാണ്. ഫിറോസിന് അക്കമിട്ട് നിരത്തിയാണ് ജലീലിന്റെ മറുപടി. അങ്ങോട്ടും ഇങ്ങോട്ടും വാക്, ട്രോള്‍ പോര് രൂക്ഷം. ഓരോ വീഡിയോയും ഫേസ്ബുക്കില്‍ കാണുന്നത് പതിനായിരങ്ങള്‍. തവനൂരുകാര്‍ മാത്രമല്ല, കേരളം മൊത്തം ഉറ്റുനോക്കുന്നു ഇവിടെയുള്ള ഫലം എന്ന് ചുരുക്കം.

പുതിയ മതില്‍ കെട്ടണം
തീപ്പാറുന്ന പോരാട്ടമാണ് തവനൂരില്‍. എല്‍ഡിഎഫ് ഒരു ബോര്‍ഡ് സ്ഥാപിച്ചാല്‍ തൊട്ടടുത്ത് യുഡിഎഫ് ബോര്‍ഡ് എത്തും. മറിച്ചും അങ്ങനെ തന്നെ. എല്ലാ മതിലിലും പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നു. ഇനി പോസ്റ്റര്‍ ഒട്ടിക്കണമെന്നുണ്ടെങ്കില്‍ തവനൂരില്‍ പുതിയ മതില്‍ കെട്ടണമെന്നാണ് നാട്ടുകാരുടെ തമാശ പറച്ചില്‍. ഉമ്മന്‍ ചാണ്ടിയും ശശി തരൂരും കേന്ദ്ര നേതാക്കളുമെത്തി ഫിറോസിന് വേണ്ടി.

വിഎസും ഇറങ്ങി
പിറണറായി വിജയനാണ് ജലീലിന്റെ ബോര്‍ഡുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചിലയിടത്ത് വിഎസ് അച്യുതാനന്ദന്റെ ചിത്രങ്ങളും കാണുന്നു. കൂടാതെ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും വിശദീരിച്ചുള്ള ബോര്‍ഡുകളും. രാഹുല്‍ ഗാന്ധി മുതല്‍ പാണക്കാട് ഹൈദരലി തങ്ങള്‍ വരെ നിറഞ്ഞുനില്‍ക്കുന്നു ഫിറോസിന്റെ ബോര്‍ഡുകളില്‍.

അപരന്മാരുടെ കേന്ദ്രം
മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്‍മാര്‍ മല്‍സരിക്കുന്ന മണ്ഡലം തവനൂര്‍ ആണ്. ഫിറോസ് എന്ന് പേരുള്ള നാലുപേരുണ്ട് മല്‍സരിക്കാന്‍. കെടി ജലീല്‍ എന്ന് തന്നെ പേരുള്ള മറ്റൊരു സ്ഥാനാര്‍ഥിയും. ഇവരെയെല്ലാം വെട്ടിച്ച് വേണം ഫിറോസ് കുന്നംപറമ്പിലിനും കെടി ജലീലിനും ജയിച്ചുകയറാന്‍.

ജലീലിന് ഫിറോസ് പൂട്ടിടുമോ
പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും ഒട്ടും പിന്നിലല്ല എന്‍ഡിഎ സ്ഥാനാര്‍ഥി രമേശ് കോട്ടയപ്പുറത്ത്. കഴിഞ്ഞ തവണ നേടിയ 15801 വോട്ടുകളേക്കാള്‍ കൂടുതല്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ ഇറക്കം. നാലു പാടും പ്രചരണ വാഹനങ്ങള്‍ ചീറിപ്പാറുകയാണ്. കുഞ്ഞാപ്പയെ കൂട്ടിലാക്കിയ ജലീലിന് ഫിറോസ് പൂട്ടിടുമോ എന്നറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം.
ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications