മഴക്കെടുതി; മലപ്പുറത്തെ കൂടുതല്‍ മരണങ്ങളും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കാരണം
മലപ്പുറം: കാലവര്‍ഷത്തിനിടയില്‍ ജില്ലയില്‍ നഷ്ടമായത് 48 ജീവനുകള്‍. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലമാണ് കൂടുതല്‍ പേര്‍ മരണപ്പെട്ടത്. നിലമ്പൂര്‍ താലൂക്കിലെ ചെട്ടിയമ്പാറ കോളനിയില്‍ ആറ് പേരും കൊണ്ടോട്ടി താലൂക്കിലെ പെരിങ്ങാവ് വില്ലേജില്‍ ഒമ്പത് പേരും ചെറുകാവ് വില്ലേജില്‍ മൂന്ന് പേരും മരണപ്പെട്ടു. ഏറനാട്, വെറ്റിലപ്പാറ വില്ലേജിലെ നെല്ലിയായി കോളനിയില്‍ എട്ട് പേരാണ് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടത്.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് 33.11 കോടി രൂപയുടെ നഷ്ടം. 539 വീടുകള്‍ പൂര്‍ണമായും 4355 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പൂര്‍ണമായും തകര്‍ന്നതിലൂടെ 14,34,95,042 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗികമായി തകര്‍ന്നതിലൂടെ 18,76,65,800 രൂപയുടെ നഷ്ടവുമാണുണ്ടായിട്ടുള്ളത്. പ്രളയത്തില്‍ നഷ്ടമായത് 359872 വളര്‍ത്തു ജീവികളാണ്. 71 കന്നുകാലികള്‍, 124 ആട്, 353625 പക്ഷികള്‍, 6048 താറാവ്, ഒരു പന്നി, ഒമ്പത് മുയല്‍ എന്നിങ്ങനെയാണ് നഷ്ടമായത്. ഇതിലൂടെ 3,41,08,799 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതിലൂടെ 246 കോടിയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച് 966ല്‍ ആറ് കോടിയും എന്‍എച്ച് 66 ല്‍ 15 കോടിയും പി.ഡബ്ള്‍യു.ഡി റോഡിന് 205 കോടിയും പാലങ്ങള്‍ക്ക് 20 കോടിയും നഷ്ടമുണ്ടായതായാണ് കണക്ക്. മഴക്കെടുതിയില്‍ ജില്ലയില്‍ 5259.08 ഹെക്ടറിലെ കൃഷി നശിച്ചു. 116.76 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കിയിട്ടുള്ളത്. വാഴകര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുള്ളത്.

പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളെല്ലാം പൂട്ടിക്കഴിഞ്ഞു, ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ക്യാമ്പുകള്‍ മാത്രം. കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി താലൂക്കുകളിലായി നാല് ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടിയില്‍ രണ്ടും നിലമ്പൂര്‍, പൊന്നാനി താലൂക്കുകളില്‍ ഒന്നും വീതമാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 90 കുടുംബങ്ങളിലെ 327 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. 100 പുരുഷന്‍മാരും 130 സ്ത്രീകളും 97 കുട്ടികളും ക്യാംപിലുണ്ട്.
നിലമ്പൂര്‍ താലൂക്കിലെ കുറമ്പലങ്ങോട് വില്ലേജില്‍ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പില്‍ 57 കുടുംബങ്ങളില്‍ നിന്നായി 209 ആളുകളാണുള്ളത്. ഇതില്‍ 65 പുരുഷന്മാരും 85 സ്ത്രീകളും 53 കുട്ടികളുമാണ്.

അടയ്ക്കാകുണ്ടില്‍ ഉരുള്‍പൊട്ടലില്‍ നശിച്ച മാഞ്ചോചോല മലയിലെ കൃഷിഭൂമി
കൊണ്ടോട്ടി താലൂക്കിലെ മൊറയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഒമ്പത് പുരുഷന്മാരും, ആറ് സ്ത്രീകളും, മൂന്ന് കുട്ടികളുമടക്കം പതിനെട്ട് ആളുകളാണുള്ളത്. കൂടാതെ ഒഴുകൂര്‍ കുന്നക്കാട് അങ്കണവാടിയിലെ ക്യാമ്പില്‍ മൂന്ന് പുരുഷന്മാരും, നാല് സ്ത്രീകളും, മൂന്ന് കുട്ടികളും താമസിക്കുന്നുണ്ട്.
പൊന്നാനി താലൂക്കില്‍ ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാംപില്‍ 25 കുടുംബങ്ങളിലെ 23 പുരുഷന്മാരും 35 സ്ത്രീകളും 32 കുട്ടികളുമുള്‍പ്പടെ 90 ആളുകളാണുളളത്.
നാടിനെ കരകയറ്റുവാന്‍ കക്കറ ആലുങ്ങല്‍ മഹാദേവ ക്ഷേത്ര ഭാരവാഹികളുടെ കൈത്താങ്ങ്. ഈ വര്‍ഷത്തെ ഓണാഘോഷവും ഓണസദ്യയും മാറ്റിവെച്ച് ഇതില്‍ ചിലവഴിക്കുന്ന തുക പ്രളയവും ഉരുള്‍പൊട്ടലുകളിലും നാശം വിതച്ച കുടുംബങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി മാറ്റി വെച്ച് ക്ഷേത്ര ഭാരവാഹികള്‍ മാതൃക സൃഷ്ടിച്ചു. കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തില്‍ വെച്ച് പഞ്ചായത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തിന്റെ പേരില്‍ സംഭാവനയായി പഞ്ചായത്ത് പ്രസിഡണ്ട് മഠത്തില്‍ ലത്തീഫിന് നാല്‍പ്പതിനായിരത്തി ഒന്ന് രൂപ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കൈമാറി.
എറണാകുളത്ത് സേവനം നല്‍കാന്‍ മലപ്പുറത്ത് നിന്നുള്ള നൈപുണ്യ കര്‍മസേന പുറപ്പെട്ടു. ഐടിഐ പരിശീലനം നേടിയ വിദ്യാര്‍ഥികളുടെ സംഘമാണ് പ്രളയബാധിതര്‍ക്ക് കൈത്താങ്ങാവാന്‍ ജില്ലയില്‍ നിന്നും പുറപ്പെട്ടത്. 50 പേരാണ് സംഘത്തിലുള്ളത്. കാര്‍പെന്റര്‍, പ്ലംബിങ്, വയറിങ് എന്നിവയില്‍ പരിശീലനം നേടിയ സംഘത്തിന് കലക്ടറേറ്റില്‍ യാത്രയപ്പ് നല്‍കി.
ജില്ലാ കലക്ടര്‍ അമിത് മീണ ഫ്‌ളാഗ് ഓഫ് നടത്തി. ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ ഒ അരുണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി രാജു, ഐടിഐ പ്രിന്‍സിപ്പല്‍ സി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍ വ്യവസായ പരിശീലന വകുപ്പ് തുടങ്ങിയവരാണ് നൈപുണ്യ കര്‍മ സേനക്ക് നേതൃത്വം നല്‍കുന്നത്.
തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ പ്രളയത്തെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായുള്ള യോഗം ഇന്ന് 10ന് തിരൂരങ്ങാടി നഗരസഭാ കാര്യാലയത്തില്‍ ചേരുമെന്ന് പി.കെ.അബ്ദുറബ്ബ് എം.എല്‍.എ. അറിയിച്ചു. സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ആലോചനകള്‍ യോഗത്തില്‍ നടക്കും. മണ്ഡലത്തിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം.












Click it and Unblock the Notifications