മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുദേവന്‍ നിര്‍വഹിച്ചത് ഹൈന്ദവ ദര്‍ശനങ്ങളുടെ മതേതര വ്യാഖ്യാനം: മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹൈന്ദവ ദര്‍ശനങ്ങളുടെ മതേതര വ്യാഖ്യാനമാണ് ശ്രീനാരായണഗുരു നിര്‍വഹിച്ചതെന്ന് മന്ത്രി കെ.ടി ജലീല്‍. മാനവികതയുടെ മഹത്ദര്‍ശനങ്ങളാണ് ശ്രീനാരായണ ദര്‍ശനമെന്നും മതാന്ധതയും വര്‍ഗ്ഗീയതയും പിടിമുറുക്കുന്ന സമകാലിക സാഹചര്യങ്ങളില്‍ ഗുരുദേവദര്‍ശനത്തിന് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സജീവ് കൃഷ്ണന്റെ ഗുരുസാഗരം പ്രഭാഷണ പരമ്പര മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭാഗീയതയുടെ വിരലടയാളങ്ങള്‍ക്ക് പകരം മാനവികതയുടെ വിശ്വാസദര്‍ശനങ്ങളാണ് നാം സമൂഹത്തിന് പകരേണ്ടത്. ബഹുസ്വരതയുടേതാണ് ലോകം. അവിടെ നിരവധി ദര്‍ശനങ്ങളും ചിന്തകളുമുണ്ട്. ഇവയിലെ നന്മയുടെ വെളിച്ചമാണ് ലോകത്തെ പ്രകാശിപ്പിക്കേണ്ടത്. വികലമായ വ്യാഖ്യാനങ്ങള്‍ ലോകത്തെ ഇരുട്ടിലാക്കും. ഹൈന്ദവ ദര്‍ശനങ്ങളുടെ മതേതരമായ വ്യാഖ്യാനമാണ് ഗുരുദേവന്‍ നിര്‍വഹിച്ചത്.

KT Jaleel

വിവിധ മതങ്ങളെ സഹോദരസ്ഥാനത്തു കാണാന്‍ വിശ്വാസികള്‍ക്ക് കഴിഞ്ഞാല്‍ സാഹോദര്യത്തിലൂന്നിയ മാനവദര്‍ശനം സാദ്ധ്യമാവും. ദൈവീക ദര്‍ശനങ്ങള്‍ മനുഷ്യന്റെ ഉളളിലേക്ക് കടന്നുചെല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പുറംമോടികളിലും ചിഹ്നങ്ങളിലും അഭിരമിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. മന്ത്രി പറഞ്ഞു.

ജീവിതപൂര്‍ണ്ണതയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന മനുഷ്യകുലത്തിനുളള വഴികാട്ടിയാണ് ശ്രീനാരായണ ദര്‍ശനമെന്ന് സജീവ് കൃഷ്ണന്‍ പ്രഭാഷണത്തില്‍ പറഞ്ഞു. ലോകത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുളള ശാസ്ത്രീയമായ അന്വേഷണമാണ് ആത്മീയത. സ്വന്തം സ്വാര്‍ത്ഥസുഖ പൂര്‍ത്തീകരണത്തിനായാണ് മനുഷ്യന്‍ പലപ്പോഴും ദര്‍ശനങ്ങളെ സമീപിക്കുന്നത്. അവ പൂര്‍ത്തീകരിക്കുന്നതിനുളള ഉപാധിയാണ് അവര്‍ക്ക് ദൈവം. ഭൗതികമായ സുഖങ്ങളെ മറികടന്ന് ആന്തരികമായ സൗഖ്യത്തിനുളള വഴികാട്ടിയാണ് ഗുരുദേവദര്‍ശനം. ദൈവത്തെ കണ്ടെത്താനുളള ആന്തരികമായ ശുദ്ധീകരണത്തിനുളള ശാസ്ത്രീയമായ മാര്‍ഗ്ഗമാണ് ഭക്തി.

ജീവിതത്തെ ചിട്ടപ്പെടുത്താനുതകുന്നതും അനുദിനം മനുഷ്യനെ ശുദ്ധീകരിച്ച് ഈശ്വരനിലേക്കെത്തിക്കുന്നതുമായ കര്‍മ്മപദ്ധതിയാണിത്. മനുഷ്യന്റെ ആന്തരിക ശുദ്ധീകരണം ലക്ഷ്യമിട്ടുളള ഉദാത്തമായ ചിന്തയാണ് ഗുരുദേവദര്‍ശനത്തിന്റെ കാതല്‍. വംശീയതയുടെയും വെറുപ്പിന്റെയും തത്വശാസ്ത്രങ്ങള്‍ ലോകത്തെ വിഴുങ്ങുമ്പോള്‍ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വെളിച്ചം വിതറുന്ന ഗുരുദേവ ദര്‍ശനത്തിന്റെ പ്രചാരണത്തിന് പ്രസക്തിയേറുകയാണെന്നും സജീവ് കൃഷ്ണന്‍ പറഞ്ഞു.

ഗുരുസാഗരം സംഘാടകസമിതി സംസ്ഥാന സെക്രട്ടറി ഒ.പി. വിശ്വനാഥ്, ജില്ലാ കോഓര്‍ഡിനേറ്റര്‍ ബാബു പുളിക്കല്‍തൊടി, ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് പി.കെ. ബാലചന്ദ്രന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് മണി, കോഴിക്കോട് ജില്ലാ സെക്രട്ടറി വി.ആര്‍. ഷൈന്‍, പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ സെക്രട്ടറി നരേന്ദ്രദേവ്, മാതൃവേദി ജില്ലാ പ്രസിഡന്റ് ലീല രാമന്‍കുട്ടി എന്നിവര്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു. പത്ത് ജില്ലകളില്‍ പൂര്‍ത്തിയാക്കിയ ഗുരുസാഗരം പ്രഭാഷണ പരമ്പര കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് പത്തിനും മാനന്തവാടി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ആഗസ്റ്റ് 15നും നടക്കും.

Malappuram
English summary
Malappuram Local News about KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X