മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് രണ്ട് മരണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഇന്ന് മാത്രം രണ്ട് മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീര്‍, മലപ്പുറം കാളികാവ് സദേശി ജിഗിന്‍ എന്നിവരുടെ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഭിന്നശേഷിക്കാരനും 14 കാരനുമായ ജിഗിന്‍ ഒരുമാസമായി രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഒമ്പതംഗ കുടുംബമാണ് ജിഗിന്റേത്. ഇതില്‍ ആറ് പേര്‍ക്കും രോഗബാധയുണ്ട് എന്നാണ് വിവരം. ആദ്യം രോഗം ബാധിച്ചത് ജിബിന്റെ സഹോദരനായ ജിബിനാണ്. ജിബിനും പിതാവ് ചന്ദ്രനും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. കാളികാവ്, പോത്തുകല്ല്, നിലമ്പൂര്‍ ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. പോത്തുകല്‍ പഞ്ചായത്തില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചത് 152 പേര്‍ക്കാണ്. ചാലിയാര്‍ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം ചാലിയാര്‍ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചിരുന്നു. റെനീഷിന്റെ കുടുംബത്തിലെ 9 വയസുകാരിയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് എട്ട് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
3000 ത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. മലപ്പുറത്ത് ഈ വര്‍ഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ് എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പങ്ക് വെക്കുന്ന വിവരം.
വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനും നഖത്തിനും മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ശരീരമാകെ മഞ്ഞനിറമാകാറുണ്ട്. രോഗം ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.
അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കരുത്. പലതരത്തിലുള്ള പ്രകൃതിചികിത്സാ രീതികള്‍ ഉണ്ടെങ്കിലും ശാസ്ത്രീയമായ ചികിത്സാരീതികളെ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്ലെറ്റില്‍ പോയതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയാണ് പ്രാഥമിക പ്രതിരോധ മാര്‍ഗങ്ങള്‍.
കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ച് വെച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.












Click it and Unblock the Notifications