4 കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്പെക്ടറടക്കം 7 പേർ പിടിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്പെക്ടറടക്കം ഏഴുപേർ പിടിയിലായി. 4 കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നത്. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വെച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ടൗണുകൾ കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകൾ നടക്കുന്നുണ്ടെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഈ രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സംഘം പിടിയിലായത്. ഡിവൈഎസ്പി എം സന്തോഷ് കുമാർ , സിഐ പ്രേംജിത്ത്, എസ്.ഐ.ഷിജോ.സി തങ്കച്ചൻ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ ആണ് ഈ സംഘത്തെക്കുറിച്ചും ജില്ലയിലെ ഏജൻറുമാരെ കുറിച്ചും സൂചന ലഭിച്ചത്.

ഇതിന് പിന്നാലെ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ആളുകൾ ഇടനിലക്കാരായി ഇവരെ സമീപിക്കുന്നുണ്ടെന്ന വിവരം കിട്ടിയത്. ആറ് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായും സൂചന ലഭിച്ചു.
തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് മാനത്തുമംഗലും ജംഗ്ഷന് സമീപത്ത് നിന്ന് ബാഗിൽ ഒളിപ്പിച്ച നിലയിൽ നാല് കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഏഴംഗ സംഘത്തെ പിടിച്ചത്. പറവൂർ വടക്കുംപുറം സ്വദേശി കള്ളംപറമ്പിൽ പ്രഷോബ് (36). തിരിപ്പൂർ സ്വദേശികളായ രാമു(42) ഈശ്വരൻ(52) വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദിൻ (40),
പെരിന്തൽമണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷറഫ് (44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ(53), കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻകുഞ്ഞ് (50) എന്നിവരെ ആണ് പെരിന്തൽമണ്ണ എസ്. ഐ ഷിജോ, സി.തങ്കച്ചൻ കസ്റ്റഡിയിൽ എടുത്തത്. എ.എസ്.ഐ അബ്ദുൾസലാം, എസ്.സി.പി.ഒ ബാലചന്ദ്രൻ, മിഥുൻ, ജില്ലാ ആൻറി നർക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.












Click it and Unblock the Notifications