ശബരിമലയിൽ സിപിഎം-ബിജെപി ഒത്തുകളി വെളിവായി: മുസ് ലിം ലീഗ്
കോഴിക്കോട്: മതേതരത്വത്തിന്റെ പ്രതീകവും അയ്യപ്പ ഭക്തരുടെ വിശുദ്ധ കേന്ദ്രവുമായ ശബരിമലയെ മറയാക്കി മുതലെടുപ്പ് നടത്താനുള്ള സി.പി.എം-ബി.ജെ.പി ഒത്തുകളിയുടെ പുതിയ തെളിവാണ് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് സമരാഹ്വാനത്തിന് പൊലീസ് മൈക്ക് കൈമാറിയതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു. നടതുറക്കുമ്പോള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് സന്നാഹം ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ ബി.ജെ.പി നേതാക്കള്‍ക്ക് തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സൗകര്യം ചെയ്യുകയാണ്.
ശബരിമലയിലെത്തുന്ന വിശ്വാസ ലക്ഷങ്ങളില്‍ സംഘ്പരിവാറിനെ അനുകൂലിക്കുന്നവര്‍ വളരെ തുച്ഛമാണ്. സുപ്രീം കോടതി വിധിയിലേക്കു നയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിൽ വിശ്വാസികളെ അവഗണിക്കുന്ന നിലപാടെടുത്ത സി.പി.എമ്മും കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിക്കാനായി പിന്നീട് കരണം മറിയുകയായിരുന്നു.

സംഘര്‍ഷം ഏറ്റെടുത്തുകൊണ്ടുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പിഎസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിന് ശേഷവും വാചകക്കസര്‍ത്തിന് അപ്പുറം പോകാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ആര്‍.എസ്.എസ് നേതാവ് ശബരിമല സന്നിധാനത്ത് പൊലീസ് മൈക്ക് ഉപയോഗിച്ച് സംസാരിക്കുന്നതും ക്രമസമാധാനം നിയന്ത്രിക്കുന്നതും തിരശ്ശീലക്ക് പിന്നിലെ ഒത്തുകളി വ്യക്തമാക്കുന്നതാണെന്നും കെ.പി.എ മജീദ് പറഞ്ഞു.












Click it and Unblock the Notifications