പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് വിവാദം; പോസ്റ്റല്‍ ബാലറ്റ് പെട്ടി ഉടന്‍ തുറക്കും
ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ സബ് കളക്ടര്‍ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍. വിവാദത്തെ തുടര്‍ന്ന് മാറ്റിവച്ച ബാലറ്റുകള്‍ ഹൈക്കോടതിയിലേക്ക് നീക്കിയിരുന്നു. ഇവ തുറന്ന കോടതിയില്‍ ജഡ്ജിന്റെ സാന്നിധ്യത്തില്‍ ഉടന്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍, യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം എന്നിവരോട് കോടതി പ്രതികരണം തേടിയിരുന്നു.
മാറ്റിവച്ച തപാല്‍ വോട്ടുകള്‍ കാണാതയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനയില്‍ മറ്റൊരിടത്ത് കണ്ടെത്തി. യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരവും ഇടത് സ്വതന്ത്രന്‍ പികെഎം മുസ്തഫയും തമ്മിലായിരുന്നു പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ മല്‍സരം. ക്രമനമ്പര്‍ ഇല്ലാത്തതും പോളിങ് ഓഫീസര്‍മാരുടെ ഡിക്ലറേഷന്‍ ഒപ്പില്ലാത്തതുമായ 348 വോട്ടുകലാണ് അന്നത്തെ സബ് കളക്ടര്‍ അസാധുവാക്കിയത്.
വിവാദമുണ്ടായതിനെ തുടര്‍ന്ന് അവ മാറ്റിവയ്ക്കുകയും ബാക്കി എണ്ണുകയുമായിരുന്നു. 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചത്. ഇത് ചോദ്യം ചെയ്ത് പികെഎം മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാറ്റിവച്ച വോട്ടുകള്‍ സൂക്ഷിച്ച പെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റണം എന്ന് മുസ്തഫ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി ശരിവച്ചു. തുടര്‍ന്ന് വോട്ടുകള്‍ ഹൈക്കോടതിയിലേക്ക് എത്തിക്കാന്‍ നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥര്‍ ട്രഷറിയിലെത്തി പരിശോധിച്ചപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു. പിന്നീട് മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് കണ്ടെത്തി. അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയിരുന്ന സാധുവായ വോട്ടുകള്‍ കാണാനില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സബ് കളക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടുകള്‍ കാണാതായെങ്കിലും വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റര്‍ ലഭിച്ചിട്ടുണ്ടെന്നും സബ് കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ട്രഷറിയില്‍ നിന്ന് വോട്ടുപെട്ടി കാണാതായത് എങ്ങനെ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് എല്‍ഡിഎഫും യുഡിഎഫും പറയുന്നു.












Click it and Unblock the Notifications