കണ്ണംവെട്ടിക്കാവിലെ സെക്രട്ടറിയും പ്രസിഡന്റും ഇവരാണ്, ടിവിയില്‍ കണ്ടയാളല്ല; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇന്നലെ ചന്തക്കുന്നില്‍ നടത്തിയ പൊതുയോഗത്തില്‍ സംഘടനാ ഭാരവാഹികളാരും പങ്കെടുത്തിട്ടില്ല എന്ന് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ് വണ്‍ഇന്ത്യ മലയാളത്തോട്. കഴിഞ്ഞ ദിവസം പൊതുയോഗത്തിനിടെ ഒരാള്‍ താന്‍ കണ്ണംവെട്ടിക്കാവ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് എന്നും അന്‍വറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയതാണ് എന്നും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യം പാടെ തള്ളുകയാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി. 'കൊണ്ടോട്ടിയിലെ ചെറുകാവ് മേഖലാ പരിധിയിലെ ഒരു യൂണിറ്റിന്റെ പേരാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആള്‍ പറഞ്ഞത്. ആ യൂണിറ്റിലെ സെക്രട്ടറിയോ പ്രസിഡന്റോ അയാളല്ല. രതീഷ് എന്നാണ് കണ്ണംവെട്ടിക്കാവ് യൂണിറ്റ് സെക്രട്ടറിയുടെ പേര്, പ്രസിഡന്റിന്റെ പേര് ജസീലുദ്ദീന്‍ എന്നാണ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നയാളുടെ പേര് ലിയാഖത്തലി എന്നാണ്,' ശ്യാം പ്രസാദ് പറഞ്ഞു.

യൂണിറ്റ് ഭാരവാഹിത്വമില്ലാത്ത ആളാണ് ഇദ്ദേഹം എന്നും ബോധപൂര്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകാര്യത കിട്ടാന്‍ പിവി അന്‍വറിന് വേണ്ടി നടത്തിയ പ്രതികരണം മാത്രമാണിത് എന്നും ശ്യാം പ്രസാദ് ആരോപിച്ചു. ശ്യാംപ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരു പ്രദേശത്ത് ഞങ്ങള്‍ക്ക് 300-350 പ്രാദേശിക മെമ്പര്‍ഷിപ്പ് ഉണ്ടാകും. കോണ്‍ടാക്ട് മെമ്പര്‍ഷിപ്പാണ് അത്, കേഡര്‍ മെമ്പര്‍ഷിപ്പല്ല. ഡിവൈഎഫ്‌ഐയുടെ കോണ്‍ടാക്ട് മെമ്പര്‍ഷിപ്പ് അയാള്‍ക്കുണ്ടായേക്കാം. എന്ന് കരുതി യൂണിറ്റ് ഭാരവാഹിത്വമുണ്ടാകില്ല. ആ പ്രദേശത്തെ ഇടതുപക്ഷ അനുഭാവിയായിട്ടുള്ള ഒരാളാണ്. സ്വാഭാവികമായിട്ടും ഡിവൈഎഫ്‌ഐയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടായേക്കാം.
അദ്ദേഹത്തെ ഈ വാര്‍ത്ത കണ്ടതിന് ശേഷം ഡിവൈഎഫ്‌ഐയുടെ ചെറുകാവ് മേഖല കമ്മിറ്റി സെക്രട്ടറിയും കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയുമെല്ലാം തുടര്‍ച്ചയായി വിളിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. അയാള്‍ ബോധപൂര്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകാര്യത കിട്ടാന്‍ പിവി അന്‍വറിന് വേണ്ടി നടത്തിയ പ്രതികരണം മാത്രമാണ്. അന്‍വര്‍ ഒരു എകെ 47 തോക്കെടുത്ത് പരത്തി വെടിവെക്കുകയാണ് ഈ വിഷയത്തെ സംബന്ധിച്ച് ചെയ്ത് കൊണ്ടിരിക്കുന്നത്.
അന്‍വര്‍ ഇപ്പോള്‍ നടത്തുന്ന പ്രതികരണങ്ങളെല്ലാം പൂര്‍ണമായും കോണ്‍ഗ്രസിനും ലീഗിനും യുഡിഎഫിനും വേണ്ടിയിട്ടുള്ളതാണ്. അതിനാലാണ് അദ്ദേഹത്തിന്റെ പൊതുപരിപാടിയിലേക്ക് കോണ്‍ഗ്രസുകാരും ലീഗുകാരും ഒഴുകിയെത്തിയത്. അവിടെ സിപിഎമ്മിന്റെ പ്രവര്‍ത്തകരാരും എത്തിയിട്ടില്ല. എല്ലാവരും പറയുന്നത് എല്‍ഡിഎഫിന്റെ പ്രവര്‍ത്തകരാണ് എന്നാണ്. മുന്‍കാല പ്രവര്‍ത്തകര്‍ എന്ന് പറയുന്ന ആള്‍ക്കാരും ഉണ്ട്.
അതില്‍ ഒരാള്‍ വന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി എന്ന് ഒരു ചാനലില്‍ പറയുന്നു. അതേ ആള്‍ തന്നെ മറ്റൊരു ചാനലില്‍ യൂണിറ്റ് പ്രസിഡന്റ് എന്ന് പറയുന്നു. മീഡിയ വണ്ണില്‍ പറഞ്ഞതല്ല റിപ്പോര്‍ട്ടറില്‍ പറഞ്ഞത്. പാലക്കാട് നിന്നും കോഴിക്കോട് നിന്നും വരെ അവിടെ ആളുകള്‍ എത്തിയിട്ടുണ്ട് എന്ന് ചാനലുകാര്‍ തന്നെ പറയുന്നു. അതിനര്‍ത്ഥം നിലമ്പൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരാരും അവിടെ വന്നിട്ടില്ല എന്ന് തന്നെയാണ്.
ആര്‍ക്കിടയിലാണ് പിവി അന്‍വറിന് സ്വീകാര്യത ഉള്ളത് എന്ന് വ്യക്തമാണ്. സ്വാഭാവികമായും പിവി അന്‍വറിന് യുഡിഎഫിലാണ് അഭയം പ്രാപിക്കേണ്ടി വരിക,' ശ്യാം പ്രസാദ് പറഞ്ഞു. അതേസമയം സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെതിരെ അന്‍വര്‍ നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരേയും ശ്യാം പ്രസാദ് രംഗത്തെത്തി. ജീവിതത്തിന്റെ ഒാരോ ഘട്ടത്തിലും തികഞ്ഞ മതേതരത്വം കാത്തുസൂക്ഷച്ച ആളാണ് മോഹന്‍ദാസ് എന്ന് ശ്യാം പ്രസാദ് പറഞ്ഞു.
'വളരെ ചെറുപ്പത്തില്‍ തന്നെ സിപിഎം പ്രവര്‍ത്തകനായി എത്തി നേതൃനിരയിലേക്ക് ഓരോ പടികള്‍ കയറി വന്ന ആളാണ്. ഇഎംഎസ്, ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ് കുട്ടി എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ്. അടിയന്തരാവസ്ഥാക്കാലത്ത് പാലോളി ഉള്‍പ്പടെയുള്ളവര്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ നേതാക്കള്‍ക്ക് സംരക്ഷമൊരുക്കാനും വിവരങ്ങള്‍ കൈമാറാനും പാര്‍ട്ടി അക്കാലത്ത് നിയോഗിച്ച പ്രധാനപ്പെട്ട സഖാക്കളില്‍ ഒരാളാണ് മോഹന്‍ദാസ്,' ശ്യാം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ദാസ് ആര്‍എസ്എസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്നും അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് തന്നോട് അദ്ദേഹത്തിന് വിരോധം എന്നുമായിരുന്നു അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.












Click it and Unblock the Notifications