ക്ലാസിനിടെ പുഷ്പയിലെ 'ശ്രീവല്ലി' പാടി കുട്ടികൾ, വീഡിയോ പോസ്റ്റ് ചെയ്ത് അധ്യാപിക; വൈറൽ
മലപ്പുറം: അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനം ഏറ്റ് പാടി ഒരു ക്ലാസ് റൂമിലെ മുഴുവൻ കുട്ടികൾ. അതും അധ്യാപിക പഠിപ്പിക്കുന്ന സമയത്ത് തന്നെ. മലപ്പുറം തുറക്കൽ എച്ച്‌എംഎസ് എയുപി സ്‌കൂളിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. അധ്യാപികയായ സുമയ്യ സുമു ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. വിദ്യാർത്ഥികളോട് കൂടുതൽ യോജിക്കുന്ന അധ്യാപികയുടെ ശൈലിയെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികളുടെ പാടണം എന്ന അഭ്യർത്ഥന പരിഗണിച്ച സുമയ്യ ഒരു നിബന്ധനയോടെയാണ് മുഴുവൻ ക്ലാസിനെയും ഒരുമിച്ച് പാടാൻ അനുവദിച്ചത്. പുസ്തകത്തിലുള്ള വരികൾ തെറ്റാതെ ബുക്കിലേക്ക് പകർത്തി എഴുതിക്കൊണ്ട് പാട്ട് പാടിക്കോ എന്ന നിബന്ധനയാണ് സുമയ്യ കുട്ടികൾക്കായി മുന്നോട്ട് വെച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീഡിയോ തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്ന് സുമയ്യ പറയുന്നു. രസകരമായ കുറിപ്പും വീഡിയോക്ക് ഒപ്പം സുമയ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സോഷ്യൽ ഹൈജീനും പേഴ്സണൽ ഹൈജീനും എന്താണെന്ന് വ്യക്തത വരുത്തുന്നതിനിടക്കാണ് മിൻഹാല് ഒരു മൂലക്കിരുന്നു "ശ്രീവല്ലി " മൂളാൻ തുടങ്ങിയത്. ബോഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ടീച്ചറേ.. കലാവാസനയുള്ള കുട്ടികളെ തളർത്തല്ലി " എന്ന് യൂനസും അഫ്രയും കോറസ് പാടിയപ്പോൾ ഒന്നും നോക്കിയില്ല.." ടീച്ചർക്കേതായാലും പാടാൻ കഴിയില്ല.. നിങ്ങൾ ഉറക്കെ പാടിക്കോളീ. പുസ്തകത്തിൽ ഒരു വരി തെറ്റിയെഴുതാൻ പാടില്ല ട്ടോ അങ്ങനെ പാടിയതാണീ ശ്രീവല്ലി. എന്നാണ് വീഡിയോക്ക് അടിക്കുറിപ്പായി സുമയ്യ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ്.
പാട്ട് പാടരുതെന്ന് ഞാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ, അവർ നിരാശരാകുമായിരുന്നു. എന്നാൽ ആ ഒരു മിനിറ്റിലെ ആലാപനം അവരെ വിശ്രമിക്കുകയും അടുത്ത പാഠത്തിന് ഊർജം പകരുകയും ചെയ്തു. ഞാൻ സാധാരണയായി ക്ലാസ് റൂമിലെ പ്രത്യേക നിമിഷങ്ങളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ ഒരിക്കൽ ഞങ്ങൾ വീഡിയോകൾ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ പതിറ്റാണ്ടുകൾക്ക് ശേഷവും ഞങ്ങൾക്ക് അത് കാണാൻ സാധിക്കുമെന്നും അത് പഴയ ഓർമ്മകളിലേക്ക് മനസിനെ കൂട്ടിക്കൊണ്ട് പോകുമെന്നും അധ്യാപിക പറഞ്ഞു.
എന്നാൽ നിരവധി നെ ഗറ്റീവ് കമന്റുകളും സുമയ്യയുടെ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "ശുചിത്വത്തെക്കുറിച്ചുള്ള പോയിന്റുകൾ മൂന്ന് തവണ വായിച്ചുനോക്കിയതിന് ശേഷമാണ് കുട്ടികളെ പാടാൻ അനുവദിച്ചത്," എന്ന് ഇവർക്ക് മറുപടിയായി സുമയ്യ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് വർഷമായി സുമയ്യ സ്കൂളിൽ ജോലി ചെയ്യുന്നു. സുമയ്യയുടെ രണ്ട് മക്കളിൽ മുതിർന്നയാൾ ഇതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടാമത്തെ കുട്ടി ഐഷുവിന് ആറ് വയസ്സ്.












Click it and Unblock the Notifications