ചാലിയാറില്‍ നടക്കുന്നത് ത്രിതലദൗത്യമെന്ന് പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ്; നേവിയും രംഗത്ത്
വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചാലിയാര്‍ പുഴയില്‍ നടക്കുന്നത് ശ്രമകരമായ ദൗത്യമെന്ന് പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജന്‍ വണ്‍ഇന്ത്യ മലയാളത്തോട്. ഇന്ന് രാവിലെ മുതല്‍ തന്നെ തിരച്ചില്‍ നടക്കുന്നുണ്ട് എന്നും എന്നാല്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ തടസം സൃഷ്ടിക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞു. ഇന്ന് ചാലിയാറില്‍ നിന്ന് കിട്ടിയതെല്ലാം ശരീരഭാഗങ്ങള്‍ ആണ് എന്നും അവര്‍ വ്യക്തമാക്കി.
'തിരച്ചില്‍ രാവിലെ മുതല്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് ചാലിയാറില്‍ നിന്ന് മൃതശരീരത്തിന്റെ ഭാഗങ്ങളായിട്ടാണ് കിട്ടുന്നത്. പലതും ഇവിടെ നിന്ന് ശേഖരിച്ച് ഒരേ ശരീരത്തിന്റെ ഭാഗങ്ങളാണോ എന്ന് ഒത്തുനോക്കുകയാണ്. ഏതായാലും ദുരന്തം ഉണ്ടായതിന് ശേഷം ഏകദേശം നൂറിലേറെ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയില്‍ നിന്ന് മാത്രം കണ്ടെടുത്തിട്ടുണ്ട്,' വിദ്യാ രാജന്‍ പറഞ്ഞു.

ചാലിയാറിന്റെ പലസ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിക്കുന്നത് എന്നും അവയെല്ലാം ഒരു സ്ഥലത്തേക്ക് എത്തിച്ച് വൃത്തിയാക്കി തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും അവര്‍ വ്യക്തമാക്കി. മുണ്ടേരി കുമ്പളപ്പാറ വനമേഖലയില്‍ നിലവില്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ചാലിയാറില്‍ നാട്ടുകാരും മുങ്ങല്‍ വിദഗ്ധരുമാണ് തിരച്ചില്‍ നടത്തുന്നത്.
പുഴയോട് ചേര്‍ന്നുള്ള അരികുകളിലും മറ്റും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ നടത്തുകയാണ്. നേവിയുടെ സഹായവും തേടിയിട്ടുണ്ട് എന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. 'നേവിയുടെ ഹെലികോപ്ടര്‍ സഹായം തേടിയിട്ടുണ്ട്. വയനാട് അതിര്‍ത്തിയില്‍ നിന്ന് ശരീരഭാഗങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ട്. അതിന് വേണ്ടി നേവിയുടെ സഹായം തേടിയിട്ടുണ്ട്,' വിദ്യാ രാജന്‍ പറഞ്ഞു.
നിലവില്‍ നേവി ഒപ്പമുണ്ട് എന്നും പ്രസ്തുത സ്ഥലത്ത് നടക്കുന്ന പരിശോധനയില്‍ വല്ലതും കിട്ടിയാല്‍ സംഘം അങ്ങോട്ട് നീങ്ങും എന്നും അവര്‍ അറിയിച്ചു. എല്ലാ സേനയില്‍ നിന്നുള്ള ആളുകളും ഇപ്പോള്‍ ഇവിടെയുണ്ട്. തിരച്ചില്‍ ഊര്‍ജിതമായി തന്നെയാണ് നടക്കുന്നത്. രാവിലെ മുതല്‍ മഴ പെയ്യുന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴും ചാറ്റല്‍മഴയുണ്ട്. പുഴയില്‍ ഒഴുക്കും വെള്ളവും താരതമ്യേന കുറഞ്ഞിട്ടുണ്ട് എന്നും വിദ്യാ രാജന്‍ വ്യക്തമാക്കി.
അതേസമയം ഇതുവരെ 147 മൃതദേഹങ്ങള്‍ ആണ് ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് വിവരം. അപകടസ്ഥലത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ നാലാം ദിനവും മനുഷ്യശരീരങ്ങള്‍ പുഴയിലൂടെ ഒഴുകിയെത്തുന്നതും കണ്ടെടുക്കുന്നതും ദുരന്തത്തിന്റെ വ്യാപ്തിയും ഭീകരതയും വെളിവാക്കുന്നുണ്ട്. നിലമ്പൂര്‍ പൂക്കോട്ടുമണ്ണ ,കുമ്പളപ്പാറ ,ഓടായിക്കല്‍,കളത്തിന്‍ കടവ് എന്നിവടങ്ങളില്‍ നിന്നെല്ലാം ഇന്ന് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തുന്നുണ്ട്.












Click it and Unblock the Notifications