ഒരു നിമിഷം പോലും വെറുതെയിരിക്കില്ല: മോദി
ദില്ലി: തലസ്ഥാന നഗരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ് - ഭരണം കിട്ടിയാല്‍ ഞങ്ങള്‍ ഒരു നിമിഷം പോലും വെറുതെ ഇരിക്കില്ല. 16 വര്‍ഷം കൊണ്ട് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ചെയ്ത തെറ്റുകളെല്ലാം തിരുത്തുമെന്നും മോദി തെക്കന്‍ ദില്ലിയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. 15 വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടി തുടര്‍ച്ചയായി ദില്ലി ഭരിച്ചു. 49 ദിവസം ഭരിച്ച് ആം ആദ്മി പാര്‍ട്ടി രാജിവെച്ചതോടെ പിന്നീട് ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലായിരുന്നു ദില്ലി.
ദില്ലിയിലെ ഏഴ് ലോക്‌സഭ സീറ്റുകളും നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നു. അതുകൊണ്ടാണ് കേന്ദ്രത്തില്‍ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്. ഞാന്‍ ഇവിടെ നില്‍ക്കുന്നത് നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ്. ഇവിടത്തെ പാവപ്പെട്ടവര്‍ ജീവിക്കുന്ന അവസ്ഥ നമുക്ക് മാറ്റിയെടുക്കണം. അവര്‍ക്ക് വീടുകള്‍ കിട്ടണം.

ദില്ലി വികസിക്കണം. എന്റെ രാഷ്ട്രീയത്തിന് ഒരേയൊരു മുദ്രാവാക്യം മാത്രമേയുള്ളൂ. അത് വികസനത്തിന്റെ മുദ്രാവാക്യമാണ്. ദില്ലിയുടെ വിധി നിര്‍ണയിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഇത്. ഫെബ്രുവരി 16 ന് അധികാരത്തില്‍ എത്തുന്നതോടെ കഴിഞ്ഞ 16 വര്‍ഷമായി ദില്ലിയോട് ചെയ്ത തെറ്റുകള്‍ ഓരോന്നായി തിരുത്തും. ഒരു നിമിഷം പോലും ഞങ്ങള്‍ അലസരായി ഇരിക്കില്ല.
തന്റെ റാലികള്‍ക്ക് ആളുകൂടുന്നില്ല എന്ന വിമര്‍ശനങ്ങളെ മോദി തള്ളിക്കളഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് പോലും ഇത്രയും ആളുകള്‍ ഉണ്ടായിരുന്നില്ല എന്നും മോദി പറഞ്ഞു. ഫെബ്രുവരി 7 നാണ് ദില്ലിയില്‍ വോട്ടെടുപ്പ്. 10 ന് ഫലം അറിയാം. ബി ജെ പി, എ എ പി പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന മത്സരം.












Click it and Unblock the Notifications