അറിവിന്റെ വെളിച്ചമേകിയ കലാലയത്തിലേക്ക് അവരെത്തി അകക്കണ്ണിലെ വെളിച്ചവുമായി
തൃശൂര്‍: അറിവിന്റെ 'വെളിച്ചമേകിയ' കലാലയത്തിലേക്ക് വീണ്ടും അവരെത്തി, അകക്കണ്ണിലെ 'വെളിച്ചവുമായി'. 1952 മുതല്‍ കേരളവര്‍മയില്‍ പഠിച്ച കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ ഒരിക്കള്‍കൂടി കോളജില്‍ ഒത്തുചേര്‍ന്നു. അകക്കണ്ണില്‍ നിറയെ വെളിച്ചവുമായാണ് അവര്‍ കേരളവര്‍മയിലേക്ക് എത്തിയത്.
അപൂര്‍വമായ കൂടിച്ചേരലാണ് കേരളവര്‍മ കലാലയത്തില്‍ നടന്നത്.
കാഴ്ച പരിമിതിയെ തുടര്‍ന്ന് 1952ല്‍ സെന്റ് തോമസ് കോളജ് തിരസ്‌കരിച്ച വാസുവെന്ന വിദ്യാര്‍ഥിയില്‍നിന്നും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുകയായിരുന്നു കേരളവര്‍മ. 1952 മുതല്‍ 2018വരെ ഇവിടെനിന്ന് പഠിച്ചിറങ്ങിയത് 5000 ത്തോളം കാഴ്ച പരിമിതരായ വിദ്യാര്‍ഥികളാണ്. അധ്യാപകര്‍, സംരംഭകര്‍, വീട്ടമ്മമാര്‍, ലോട്ടറി കച്ചവടക്കാര്‍ തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. ഇതിന്റെ ഭാഗമാകാന്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നും പൂര്‍വ വിദ്യാര്‍ഥികളെത്തിയിരുന്നു.

പൂര്‍ണമായും കാഴ്ച നഷ്ടമായവരും ഭാഗികമായി കാഴ്ച മങ്ങിയവരുമാണ് ഇവര്‍. സഹപാഠികളും അധ്യാപകരുമാണ് ഇവര്‍ക്ക് എല്ലാക്കാലവും പ്രചോദനം നല്‍കിയിരുന്നത്. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ അവരെ പര്യാപ്തമാക്കിയതും കാമ്പസില്‍ നിന്നും ലഭിച്ച ആത്മധൈര്യമാണ്.
കൈപിടിച്ച് ഒപ്പം നടന്ന സൗഹൃദങ്ങള്‍, അറിവിന്റെ വെള്ളിവെളിച്ചം പകര്‍ന്നു നല്‍കിയ അധ്യാപകര്‍, പാഠഭാഗങ്ങള്‍ ഉറക്കെ ചൊല്ലിക്കൊടുത്ത സഹപാഠികള്‍ എല്ലാവരും ആ പഴയ ഓര്‍മകള്‍ തിരഞ്ഞെത്തി. അപൂര്‍വ സംഗമത്തിന് സാക്ഷിയാവാന്‍ നടന്‍ ഇന്ദ്രന്‍സുമെത്തിയിരുന്നു. കൂടെ പൂര്‍വ വിദ്യാര്‍ഥിയായ നടന്‍ സുനില്‍ സുഖദയുമെത്തി.
കലാലയത്തിന്റെ പാട്ടുകാരനായിരുന്ന വേലായുധനെത്തിയത് വൈകാതെ സര്‍ക്കാര്‍ സര്‍വീസില്‍ അധ്യാപകനാകാമെന്ന സന്തോഷം പങ്കിട്ടു കൊണ്ടാണ്. എം.എ. പൊളിറ്റിക്‌സ് ബിരുദധാരിയും ബി.എഡും ഉണ്ടായിട്ടും ജീവിതം പുലര്‍ത്താനായി ഭാഗ്യക്കുറി വില്പനക്കാരനായി മാറിയ വേലായുധന്റെ ദു:ഖം കേരളവര്‍മയും പങ്കുവച്ചു.
പൂര്‍വ വിദ്യാര്‍ഥികളായ കാഴ്ചപരിമിതര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന പ്രിന്‍സിപ്പല്‍ ഡോ. കെ. കൃഷ്ണകുമാരി, വിരമിച്ച അധ്യാപകരായ എന്‍.ആര്‍. അനില്‍ കുമാര്‍, കെ.എം. ഗീത എന്നിവരുടെ ചിന്തയില്‍ നിന്നാണ് ഈ കൂട്ടായ്മ പിറവിയെടുക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഓഫീസര്‍ പദവി വേണ്ടെന്നു വച്ച് കാഴ്ചപരിമിതര്‍ക്കായി വാണിയംകുളത്ത് ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിച്ച രാമകൃഷ്ണന്‍, കേരളവര്‍മുടെ എംഎ പൊളിറ്റിക്‌സ് അവാര്‍ഡ് ജേതാവ് പനമ്പിള്ളി ഗവ. കോളജ് അധ്യാപകന്‍ ടോബിയോ, ചിറ്റൂര്‍ ഗവ കോളജ് രാഷ്ട്രമീമാംസ അധ്യാപകന്‍ പ്രശാന്ത്, എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരായ ജയകുമാരി, സന്തോഷ് തുടങ്ങിയവരെല്ലാം കാഴ്ചപരിമിത വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ അംഗമാണ്.
കെ. രാമകൃഷ്ണന്‍ പ്രസിഡന്റായും എം. രഞ്ജിത് സെക്രട്ടറിയായും സി.പി. പ്രഭാഷ് ട്രഷററായും പൂര്‍വ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പ്രഫ. ടി.എ. ഉഷാകുമാരി, പ്രഫ. ഇ. രാജന്‍, പ്രഫ. ലളിത നായര്‍, അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications