ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം തട്ടി; പാലക്കാട് യുവാവ് അറസ്റ്റിൽ
കോട്ടയം: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 6 ലക്ഷം തട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കുമരംപുത്തൂർ ചക്കിങ്കൽ വീട്ടിൽ രാജേഷ് കുമാർ (49) ആണ് പിടിയിലായത്. ഗാന്ധി നഗർ പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വർക്ക് അറ്റ് ഹോം ജോലി ചെയ്തു പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു പെരുമ്പായിക്കാട് സ്വദേശിയായ യുവാവിൽ നിന്നും ഇയാൾ പണം തട്ടിയത്. യുവാവിന്റെ വാട്സ്ആപ്പിലേക്ക് മെസേജ് അയച്ചിട്ടായിരുന്നു ബന്ധം സ്ഥാപിച്ചത്. ആദ്യം നൽകിയ ജോലികൾക്ക് ചെറിയ പണം ഇയാൾ നൽകിയിരുന്നു. ഇതോടെ യുവാവിന് വിശ്വാസമായി.

കൂടുതൽ തുക ലഭിക്കാൻ പ്രൊസസിങ് ഫീസ് കൂടുതൽ അടക്കണമെന്ന് ഇയാൾ അറിയിച്ചതിനെ തുടർന്ന് യുവാവ് ആറ് ലക്ഷത്തോളം രൂപ പല തവണയായി പ്രതിക്ക് നൽകി. എന്നാൽ പിന്നീട് തട്ടിപ്പാണെന്ന തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പോലീസ് മേധാവി കെ കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
സൈബർ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ശാസ്ത്രീയ പരിശോധനയിൽ യുവാവിന്റെ നഷ്ടമായ പണം പാലക്കാട് സ്വദേശിയായ രാജേഷ് കുമാറിന്റെ അക്കൗണ്ടിൽ ചെന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‌ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.












Click it and Unblock the Notifications