'സന്ദീപ് വാര്യർ കൂടെയുണ്ടെങ്കിൽ 2025 പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കും'; രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ബി ജെ പിയിൽ നിന്നും ഇനിയും കൂടുതൽ പേർ കോൺഗ്രസിലേക്ക് വരുമെന്ന് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ. സന്ദീപ് വാര്യർ കോൺഗ്രസിനെ സംബന്ധിച്ച് ഒരു അസറ്റ് തന്നെയാണ്. സന്ദീപിന്റെ സാന്നിധ്യം 2025 ൽ പാലക്കാട് മുനിസിപ്പാലിറ്റി പിടിക്കാൻ കോൺഗ്രസിനെ സഹായിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
'സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരുമ്പോൾ പല കോണുകളിലും അസ്വസ്ഥതകൾ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായി. വർഗീയതയുടെ ചേരിയിൽ നിന്നും ഒരാൾ കുറഞ്ഞാൽ പോലും അത് മതേതരത്വത്തിന്റെ വിജയമാണെന്ന് അന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപിന്റെ വരവോടെ പാലക്കാട് മുനിസിപ്പാലിറ്റി 2025 ൽ കോൺഗ്രസ് ഭരിക്കും.

രാജ്യം ഭരിക്കുന്ന പാർട്ടി വിട്ട് സംസ്ഥാനത്ത് തന്നെ അധികാരത്തിൽ ഇല്ലാത്ത പാർട്ടിയിലേക്ക് വരുന്നത് ആമാശപരമായല്ല, ആശയപരമായ ദൃഢത കൊണ്ടാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ പോലെയല്ല, അങ്ങാടിയിൽ ഇറങ്ങിയാൽ നാലാൾ അറിയുന്ന നേതാവാണ് സന്ദീപ് വാര്യർ. അദ്ദേഹം കോൺഗ്രസിന് അസറ്റ് തന്നെയാണ്. ഇനിയത് ഡിപ്പോസിറ്റാകും. കൂടുതൽ ഡിപ്പോസിറ്റുകൾ ഉണ്ടായിക്കോണ്ടിരിക്കും', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
നെൽ കർഷകർക്ക് പ്രഥമ പരിഗണന; മുഖ്യമന്ത്രിക്ക് നിവേദനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് എം എൽ എയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നെൽ കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ. നെല്ലിന്റെ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ വലിയ ദുരിതത്തിൽ ആണെന്നും താങ്ങുവില വർദ്ധിപ്പിക്കണമെന്നും എം എൽ എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും നെൽ കർഷകർ ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയെന്നും അത് നടപ്പാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. നെല്ലിന് കിലോയ്ക്ക് 31 രൂപ എങ്കിലും നൽകി കർഷകരിൽ നിന്നും നെല്ല് സംഭരിക്കണം, സംഭരിച്ച നെല്ലിന്റെ വില ഉടൻതന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകണം, കുടിശ്ശികയായിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ കൈമാറണം, സംഭരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ കൃത്യമായ സംവിധാനം ഉണ്ടാകണം, സംഭരണത്തിൽ ഇടനിലക്കാരെ ഒഴിവാക്കണം, രാസവള വില വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടൽ ഉറപ്പുവരുത്തണം തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉണ്ട്.












Click it and Unblock the Notifications